കുടവൂരിൽ ഭീതി പരത്തി അജ്‌ഞാത ജീവി

Sunday 05 May 2024 1:40 AM IST

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ 9-ാം വാർഡായ കുടവൂരിൽ അജ്‌ഞാത ജീവിയെ കണ്ടതായി നാട്ടുകാർ. വീടിന് സമീപത്ത് പുലിയെ കണ്ടതായി വീട്ടമ്മ വെളിപ്പെടുത്തിയതോടെ നാട്ടുകാർ ഭീതിയിലായി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കുടവൂർ കണ്ണത്തുകോണം പത്തനാപുരം ക്ഷേത്രം, നാഗർ കാവ് എന്നിവ സ്ഥിതി ചെയ്യുന്നതിന് സമീപത്താണ് അജ്‌ഞാത ജീവിയുടെ സാന്നിദ്ധ്യം കണ്ടത്. തലേദിവസം പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ പ്രദേശത്തെ കുളത്തിനും ക്ഷേത്രത്തിനും സമീപത്ത് അജ്‌ഞാത ജീവിയുടെ കാൽപ്പാടുകൾ കണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ തൊട്ടടുത്തുള്ള വീട്ടമ്മ രാവിലെ 6ന് പുലിയെ കണ്ടെന്നും പറയുന്നു. ആദ്യം മകളാണ് അടുക്കളയുടെ ഭാഗത്ത് കണ്ടത്. തുടർന്ന് അമ്മയോട് വിവരം പറഞ്ഞു. ഇവർ നോക്കുമ്പോൾ നടന്നു നീങ്ങുന്ന ജീവിയെ കണ്ടു. ആദ്യം കരുതി വള്ളി പൂച്ചയെന്ന് കരുതിയെങ്കിലും പിന്നീട് പുലി തന്നെയാണെന്ന് വീട്ടമ്മ ഉറപ്പിച്ചു. തുടർന്ന് അയൽ വീടുകളിലും വാർഡ് അംഗത്തെയും വാർഡ് അംഗം വനം വകുപ്പിനെയും കാര്യം ധരിപ്പിച്ചു. വനം വകുപ്പിന്റെ ആവശ്യപ്രകാരം സമീപത്ത് നിന്ന് ലഭിച്ച അജ്‌ഞാത ജീവിയുടെ കാൽപ്പാടിന്റെ ചിത്രം കൈമാറി. തുടർന്ന് അത് കാട്ടുപൂച്ചയുടെതാണെന്ന് അധികൃതർ അറിയിച്ചുവെങ്കിലും പ്രദേശത്ത് ഇപ്പോഴും ഭീതി ഒഴിഞ്ഞിട്ടില്ല.

Advertisement
Advertisement