കണ്ണൂർ വിമാനത്താവളത്തിലെ വന്യ ജീവി സാന്നിദ്ധ്യം സ്ഥിരീകരിക്കാനായില്ല ; നിരീക്ഷണ ക്യാമറയിൽ കുടുങ്ങാതെ അജ്ഞാതജീവി

Saturday 04 May 2024 9:56 PM IST

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലെ മൂന്നാംഗേറ്റിന് സമീപം കണ്ടെത്തിയ വന്യജീവി എന്താണെന്നത് സംബന്ധിച്ച് വ്യക്തത വരുത്താനായില്ല. നിരീക്ഷണക്യാമറയിൽ ഇത് സ്ഥിരീകരിക്കുന്ന ഒരു ദൃശ്യവും പതിഞ്ഞിട്ടില്ലെന്നാണ് സുരക്ഷാ ജീവനക്കാർ പറഞ്ഞത്.

വിമാനത്താവളത്തിന് സമീപം പട്ടിയുടെ ജഢാവശിഷ്ടം കണ്ടെത്തിയതിന് പിന്നാലെയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ സാന്നിദ്ധ്യം സംശയിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് മേഖലയിൽ രണ്ട് ക്യാമറകളും സ്ഥാപിച്ചിരുന്നു. ബുധനാഴ്ച രാത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥറുടെ പരിശോധനയിലാണ് വിമാനത്താവള മൂന്നാം ഗേറ്റിന് സമീപം വന്യ ജീവിയെ കണ്ടത്. തുടർന്നാണ് വന്യ ജീവിയെ കണ്ടെത്താൻ വനം വകുപ്പ് വ്യാഴാഴ്ച രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. രണ്ടുദിവസത്തിന് ശേഷം ഇന്നലെ രാവിലെ 10 മണിയോടെ വനം വകുപ്പ് സംഘമെത്തി നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയായിരുന്നു. എന്നാൽ ഈ ക്യാമറകളിൽ വന്യ ജീവികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ല. വന്യജീവിയെ കണ്ടെത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതിന്റെ കുറച്ചകലെയായി കാട്ടിനുള്ളിലായാണ് പട്ടിയുടെ ശരീരവശിഷ്ടം കണ്ടെത്തിയത്.

Advertisement
Advertisement