മാരായമുട്ടം പ്രദേശത്ത്  കുടിവെള്ളം കിട്ടാനില്ല

Sunday 05 May 2024 1:35 AM IST

നെയ്യാറ്റിൻകര: മാരായമുട്ടം പ്രദേശത്ത് ശുദ്ധജല ക്ഷാമം രൂക്ഷം. ജലക്ഷാമം പരിഹരിക്കാത്ത അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. മാരായമുട്ടം പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം രൂക്ഷം. വേനൽ ആരംഭിച്ച് ഇത്രയും ദിവസമായിട്ടും കുടിവെള്ളം കിട്ടാകനിയായി തുടരുന്നു. എന്നാൽ കൃത്യമായി ബില്ലുകൾ വരുന്നുണ്ട്. നിലവിൽ ഒരുമാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് വെള്ളം വരുന്നത്. അതും രാത്രി രണ്ടോ മൂന്നോ മണി ആകുമ്പോൾ മാത്രം. ഈ സമയത്ത് ഉറങ്ങാതെ ഇരുന്നാൽ വെള്ളം കിട്ടും. എന്നാലും ആവശ്യത്തിന് വെള്ളം കിട്ടാറുമില്ല. ഈ മൂന്ന് ദിവസം കൊണ്ട് ഒരുമാസത്തെ വെള്ളം സംഭരിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

 പ്രധാന പ്രശ്നം

വടകര വാർഡിൽ ആനായികോണം, തെങ്ങ് വിളക്കുഴി, മുണ്ടാമല, മലയിൽക്കട, മലയിൽ തോട്ടം, ഊട്ടിച്ചൽ കോളനി

തൃപ്പലവൂർ വാർഡിൽ കള്ളനുർ കോണം, തൃപ്പലവൂർ, പാട്ടവിള,

അരുവിക്കര വാർഡിൽ ഇടഞ്ഞി, ഉദയൻ പാറ, അക്വഡേറ്റ്

തത്തിയൂർ വാർഡിൽ പൊറ്റയിൽ പുതുവൽ കോളനി, താന്നി മുട്, കരിക്കത്ത്കുഴി, കാക്കണം, ആലത്തൂർ

ചുള്ളിയുർ വാർഡിൽ മണലുവിള, ലക്ഷം വിട് കോളനി, മണ്ണാക്കാല, കരിക്കത്ത് ക്കുളം

പുളിമാകോട് വാർഡിൽ വാഴാലി, അയിരൂർ,

മാരായമുട്ടം വാർഡിൽ താറവിള, എച്ച്.എച്ച്.എസ്. ജംഗ്ഷൻ, മാരായമുട്ടം , എസ്.എൻ നഗർ,

അരുവിപുറം വാർഡിൽ മാലക്കുളങ്ങര, ചിറ്റാറ്റിൻകര, അരുവിപുറം,

അണമുഖം വാർഡിൽ ഇടവഴിക്കര, അണമുഖം, ചപ്പാത്ത്'കാവിൻ പുറം എന്നിവിടങ്ങളിലും പെ

രുങ്കടവിള ഗ്രാമപഞ്ചായത്തിൽ തത്തമല, പെരുങ്കടവിള, പഴമല, ആങ്കോട്, പാൽക്കുളങ്ങര, വിരാലി തുടങ്ങിയ മേഖലകളിലും കുടിവെളളം കൃത്യമായി ലഭിക്കാറില്ല.

 പദ്ധതികളും നിലച്ചു
നേരത്തെ അരുവിക്കര, മാമ്പഴക്കര പമ്പ് ഹൗസുകളിൽ നിന്നായിരുന്നു ഈ പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിച്ചിരുന്നത്. എന്നാൽ കാളിപ്പാറ പദ്ധതി യാഥാർത്ഥ്യമായതോടെ അരുവിപുറത്തും മാമ്പഴക്കരയിലും ശുദ്ധജല പദ്ധതിയുണ്ടായിരുന്നെങ്കിലും അത് രണ്ടും നിലച്ചു. പുതിയ പദ്ധതിയിൽ നിന്ന് വെള്ളം ലഭിച്ചിരുന്നു. എന്നാൽ ജലജീവൻ പദ്ധതി പ്രകാരം വാട്ടർ അതോറിട്ടി കണക്ഷൻ നൽകിയതോടെ ഓട്ടേറെ പേർക്ക് ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയായി. നേരത്തെ ഏതാണ്ട് 2000 കണക്ഷൻ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ 5000 കണക്ഷനാണ് ഉള്ളത്. ഇത്രയും പേർക്ക് കളിപ്പാറ പദ്ധതിയിൽ നിന്ന് മാത്രം ജലം നൽകാൻ കഴിയാത്ത അവസ്ഥയാണ്. പഴയ ശുദ്ധജല സംഭരണികളായ അരുവിപ്പുറം, മമ്പഴക്കര, പഴമല എന്നിവ നവീകരിച്ച് ഈ പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടികൾ വാട്ടർ അതോറിട്ടി എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 പൈപ്പും പൊട്ടി

വടകരയിൽ കഴിഞ്ഞ ആറ് മാസമായി പൊട്ടിയ പൈപ്പ് ഇതുവരെ നവീകരിച്ചിട്ടില്ല. അറ്റകുറ്റപ്പണികൾ വൈകുന്നതിന് പിന്നിൽ പണം നൽകുന്നില്ല എന്നതാണ് കരാറുകാരുടെ വാദം. മണലുവിളയിൽ രണ്ട് ജലവിതരണ ടാപ്പുകൾ പൊട്ടിയ നിലയിലാണ്. അതുകാരണം ജലമെത്തുമ്പോൾ എല്ലാപേർക്കും ജലം ലഭിക്കുമെന്നതിനുള്ള ബുദ്ധിമുട്ടുമുണ്ട്. കണക്ഷനുകൾ വർദ്ധിച്ച സാഹചര്യത്തിൽ ശുദ്ധജലക്ഷാമം ഉണ്ടെന്ന് അധികൃതരും സമ്മതിക്കുന്നു.

Advertisement
Advertisement