കോട്ടൂർക്കോണമില്ലാതെ മാമ്പഴ വിപണി

Sunday 05 May 2024 1:35 AM IST

ആറ്റിങ്ങൽ: മാമ്പഴക്കാലം അവസാനിക്കാറായിട്ടും ഇക്കുറി കോട്ടൂർക്കോണം മാമ്പഴം വിപണിയിലെത്തിയില്ല. നാവിൽ കൊതിയൂറുന്ന തലസ്ഥാനത്തിന്റെ സ്വന്തം ബ്രാൻ‍ഡാണ് കോട്ടൂർക്കോണം മാമ്പഴം. കൊതിയൂറും രുചിയും മിതമായ വിലയുമുള്ള കോട്ടൂർക്കോണം മാമ്പഴം ഈ സീസണിൽ ഇപ്പോഴും കിട്ടാക്കനിയായി തുടരുന്നു. പാറശാല കുന്നത്തുകാൽ പഞ്ചായത്തിലെ കോട്ടൂർക്കോണമെന്ന ഗ്രാമമാണ് ഈ മാങ്ങയുടെ ഉത്പാദന കേന്ദ്രം. കോട്ടൂർക്കോണം മാമ്പഴമെന്ന് അറിയപ്പെടുമ്പോഴും സ്വന്തം നാട്ടിൽ ചെങ്കവരിക്കയെന്നാണ് വിളിപ്പേര്. ചെങ്കൽ പ്രദേശമാണ് ഈ മാവിന്റെ ജന്മഗ്രാമം. മറ്റു മാമ്പഴങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കോട്ടൂർക്കോണം മാമ്പഴം. ആകർഷകമായ ചുവപ്പു കലർന്ന ഓറഞ്ച് നിറമുള്ള തൊലിയും കടും ഓറഞ്ച് നിറത്തിലുള്ള മാംസള ഭാഗമുള്ള ഇവയുടെ പഴങ്ങൾക്ക് രുചി ഏറെയാണ്. പുറംതൊലി പഴുക്കുമ്പോൾ അകവും പുറവും ചുവപ്പു കലർന്ന ഓറഞ്ചു നിറമാവും. നാരു കൂടുതലുണ്ടെങ്കിലും ഒരിക്കൽ കഴിച്ചാൽ രുചിയും മണവും നാവിൽ തങ്ങിനിൽക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്. സാധാരണ ജനുവരി മാസം മുതൽ വിപണിയിലെത്തുന്ന കോട്ടൂർക്കോണം ഇക്കുറി മേയ് മാസത്തിലും എത്തിട്ടില്ല.

 രാജാവും മാമ്പഴവും

കോട്ടൂർക്കോണത്തിന് അടുത്താണ് ചെഴുങ്ങാനൂർ മഹാദേവക്ഷേത്രം. ഇവിടുത്തെ പൂജാരിമാരായ ബ്രാഹ്മണർക്ക് തിരുവിതാംകൂർ രാജാവ് കോട്ടൂർക്കോണം പ്രദേശം ദാനമായി നൽകിയതിന്റെ നന്ദി അറിയിക്കാൻ ബ്രാഹ്മണ കുടുംബാംഗങ്ങൾ ദാനം കിട്ടിയ സ്ഥലത്ത് വിളയുന്ന മാങ്ങയുമായി കൊട്ടാരം സന്ദർശിക്കും. മേയ് മാസത്തിലാണ് സന്ദർശനം. മാങ്ങ കഴിച്ചെങ്കിലും രാജാവിന് അതിന്റെ പേര് ചെങ്കവരിക്കയെന്നറിയില്ലായിരുന്നു. അതിനാൽ അദ്ദേഹം കോട്ടൂർക്കോണമെന്ന പേരിട്ടു.

Advertisement
Advertisement