നഗരിയിൽ ഹാട്രിക് ഹിറ്റ് തേടി റോജ

Sunday 05 May 2024 1:07 AM IST

ആന്ധ്രയിലെ നഗരി നിയോജക മണ്ഡലത്തിലെ മത്സരം സസ്പെൻസ് ത്രില്ലർ സിനിമപോലെയാണ് മുന്നോട്ടു പോകുന്നത്. മലയാളികൾക്ക് സുപരിചിതയായ നടി റോജയാണ് വൈ.എസ്.ആർ കോൺഗ്രസിന്റെ സ്ഥാനാർത്ഥി. ജഗൻ മോഹൻ റെഡ്ഡി മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും പാർട്ടി വനിതാ വിഭാഗം അദ്ധ്യക്ഷയുമായ റോജയുടെ ലക്ഷ്യം ഹാട്രിക് വിജയമാണ്. പക്ഷേ, റോജയ്ക്ക് വീണ്ടും നഗരി സീറ്റ് നൽകിയതോടെ പല പ്രാദേശിക നേതാക്കളും പാർട്ടിവിട്ടു. അവർ എതിർ ചേരിയിലായതോടെ റോജയ്ക്ക് വിജയം ഈസിയല്ല.

കഴിഞ്ഞ തവണ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.ടി.ഡി.പിയിലെ ഗാലി ഭാനുപ്രകാശിനെ 2,708 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഭാനുപ്രകാശാണ് ഇപ്പോഴും എതിർസ്ഥാനാർത്ഥി. റോജാമ്മ വൺസ് മോർ എന്നു പറഞ്ഞാണ് അണികൾ വോട്ടുപിടിക്കുന്നത്.

ടി.ഡി.പിയുടെ ശക്തികേന്ദ്രത്തിൽ അവരുടെ സീറ്റ് പിടിച്ചെടുത്തായിരുന്നു റോജയുടെ നിയമസഭാ പ്രവേശം.

2014ലെ തിരഞ്ഞെടുപ്പിൽ ടി.ഡി.പിയുടെ ഗാലി മുദ്ദുകൃഷ്ണമ നായിഡുവിനെ 858 വോട്ടിന് പരാജയപ്പെടുത്തിയാണ് റോജ വിജയിച്ചത്.

സിനിമകളിൽ റൊമാന്റിക് നായികയാണെങ്കിലും സ്വന്തം മണ്‌‌‌ഡലത്തിലെ നേതാക്കളെ ഒപ്പം നിറുത്താനായില്ല.റോജയെ തോൽപ്പിക്കുമെന്ന് പ്രതിജ്‌ഞ ചെയ്ത് പാർട്ടി വിട്ട നേതാക്കൾ വരെയുണ്ട്.

തന്റെ കുടുംബം നാലു പതിറ്റാണ്ടായി കൈവശം വച്ചിരുന്ന മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമിത്തിലാണ് ഭാനു പ്രകാശ്. 2019ൽ റോജയ്‌ക്കെതിരായ തന്റെ ആദ്യ തിരഞ്ഞെടുപ്പ് തോൽവി മറന്നിട്ടില്ല ഭാനു. അധഃസ്ഥിതർക്ക് സാമ്പത്തിക സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ടി.ഡിയുടെ 'സൂപ്പർ സിക്സ്' പദ്ധതികൾ ഉയർത്തിയാണ് പ്രചാരണം. ഭാനുവിന്റെ പിതാവ് ഗാലി മുദ്ദുകൃഷ്ണമ ആറ് തവണ എം.എൽ.എയും ക്യാബിനറ്റ് മന്ത്രിയുമായിരുന്നു.

`മരണം വരെ നഗരിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്നിലെ പ്രേരകശക്തി എന്റെ അച്ഛനായിരുന്നു. നഗരി നിയോജക മണ്ഡലത്തിൽ എല്ലാ മേഖലകളിലും അദ്ദേഹം വികസനം കൊണ്ടു വന്നു'

- ഭാനു പ്രകാശ്

`വൈ.എസ്. ആർ.സി സർക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങൾക്കറിയാം. അത് എനിക്ക് വോട്ടാകുമെന്നുറപ്പുണ്ട്.

എന്റെ വോട്ടർമാർ എന്നെ അവരുടെ എം.എൽ.എ ആയി നിലനിർത്താൻ ആഗ്രഹിക്കുന്നു.'

-റോജ

Advertisement
Advertisement