കർണാടക ലൈംഗിക വിവാദം: രേവണ്ണയെ ദേവഗൗഡയുടെ വസതിയിൽ അറസ്റ്റ് ചെയ്‌തു

Sunday 05 May 2024 1:13 AM IST

ബംഗളൂരു:കർണാടകത്തിൽ ആളിക്കത്തുന്ന ലൈംഗികാതിക്രമ കേസിൽ പുത്രൻ പ്രജ്ജ്വലിനൊപ്പം പ്രതിയായ മുൻ മന്ത്രിയും ജെ.ഡി. എസ് എം. എൽ.എയുമായ എച്ച്.ഡി രേവണ്ണയെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്. ഡി ദേവഗൗഡയുടെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്‌തു.

ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രേവണ്ണ ദേവഗൗഡയുടെ വസതിയിൽ എത്തുകയായിരുന്നു. ആ വിവരം ലഭിച്ച പ്രത്യേക അന്വേഷണ സംഘം അവിടെ ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതു മുതൽ രേവണ്ണ ഒളിവിലായിരുന്നു.

എസ്‌.ഐ.ടി മുമ്പാകെ ഹാജരാകാൻ രണ്ട് തവണ സമൻസ് അയച്ചിട്ടും രേവണ്ണ എത്തിയിരുന്നില്ല. തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

രേവണ്ണക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻ വീട്ടുജോലിക്കാരിയുടെ പരാതിയിൽ ലൈംഗിക പീഡനത്തിനാണ് ആദ്യത്തെ കേസ്. ഈ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന അവരുടെ മകന്റെ പരാതിയിലാണ് രണ്ടാമത്തെ കേസ്. രേവണ്ണയുടെ വിശ്വസ്തൻ സതീഷ് ബാബണ്ണയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ബാവണ്ണയും കേസിൽ പ്രതിയാണ്.

പ്രജ്വലിനായി സി.ബി.ഐ ബ്ലൂ കോർണർ നോട്ടീസിറക്കും
കേസിൽ പ്രതിയായ ജനതാദൾ (എസ്) എം. പിയും ഹാസൻ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയെ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെയും ഇന്റർപോളിന്റെയും സഹായം തേടാൻ കർണാടക സർക്കാർ സി.ബി.ഐയോട് ആവശ്യപ്പെട്ടു. പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പ്രത്യേക അന്വേഷണസംഘം സി. ബി. ഐയോട് അഭ്യർത്ഥിച്ചു. ലൈംഗിക പീഡനത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രജ്വൽ ജർമ്മനിയിലേക്ക് മുങ്ങിയിരുന്നു. പ്രജ്ജ്വലിന് ഹാജരാകാൻ ഏഴ് ദിവസം അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം എസ്. ഐ, ടി തള്ളി. പിതാവ് എച്ച്.ഡി. രേവണ്ണയും രാജ്യം വിട്ടേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വീണ്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. രേവണ്ണയ്‌ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് 700 പേർ ദേശീയ വനിതാ കമ്മിഷന് തുറന്ന കത്തെഴുതി.

അതേസമയം പ്രജ്വലിനെതിരെ പരാതിയുമായി കൂടുതൽ പേർ എത്തി. തന്നെയും ഭർത്താവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം തന്നെ ബലാത്സംഗം ചെയ്തെന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് മുൻ വനിതാ അംഗം പരാതി നൽകിയിരുന്നു.

പ്രതികളെ ബി.ജെ.പി സംരക്ഷിക്കുന്നു : രാഹുൽ

രേവണ്ണയെയും പ്രജ്വലിനെയും ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. മകനായും സഹോദരനായും നോക്കേണ്ട നിരവധി സ്ത്രീകളെ പ്രജ്വലും രേവണ്ണയും അതിക്രൂരമായി പീഡിപ്പിച്ചു. നമ്മുടെ അമ്മമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുന്നതിന് കഠിനമായ ശിക്ഷ നൽകണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിൽ രാഹുൽ ആവശ്യപ്പെട്ടു.

Advertisement
Advertisement