ഡൽഹി പി.സി.സി മുൻ അദ്ധ്യക്ഷൻ: അർവിന്ദർ സിംഗ് ലവ്‌ലി വീണ്ടും ബി.ജെ.പിയിൽ

Sunday 05 May 2024 1:15 AM IST


ന്യൂഡൽഹി: ഏപ്രിൽ 28ന് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ പദവി രാജിവച്ച അർവിന്ദർ സിംഗ് ലവ്‌ലി ഇന്നലെ വീണ്ടും ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻമന്ത്രി രാജ്കുമാർ ചൗഹാൻ, മുൻ എം.എൽ.എമാരായ നീരജ് ബസോയ, നസീബ് സിംഗ്,​ ഡൽഹി യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അമിത് മാലിക് എന്നിവരും ബി.ജെ.പിയിലെത്തി. പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി അംഗത്വമെടുക്കൽ. ഡൽഹിയിൽ 25ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.

കോൺഗ്രസ് പ്രവർത്തകനായിരുന്ന ലവ്‌ലി 2017ലും ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്നാൽ 2018 ഫെബ്രുവരി 17ന് കോൺഗ്രസിൽ മടങ്ങിയെത്തി. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യവും, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലുമുള്ള അതൃപ്തിയുമാണ് ഇപ്പോഴത്തെ രാജിക്ക് കാരണം. ഡൽഹിയുടെയും ഹരിയാനയുടെയും ചുമതലയുള്ള എ.ഐ.സി.സി ഇൻ ചാർജ്ജ് ദീപക് ബാബറിയയുമായുള്ള ഭിന്നതയും പാർട്ടി വിടാനുള്ള തീരുമാനത്തിന് ആക്കം കൂട്ടി. 2015ൽ ആം ആദ്മി പാർട്ടി കൂറ്റൻ ഭൂരിപക്ഷത്തിൽ ഡൽഹി നിയമസഭയിലേക്ക് ജയിച്ചപ്പോൾ അർവിന്ദർ സിംഗ് ലവ്‌ലി പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഇത്തവണ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചപ്പോൾ ബി.ജെ.പിയിലേക്ക് ചേക്കേറില്ല എന്നായിരുന്നു ആദ്യം പ്രതികരണം.

 മോദിക്ക് സ്തുതി, കനയ്യയ്ക്ക് പഴി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച നേതൃമികവെന്ന് പുകഴ്‌ത്തിയ ലവ്‌ലി, വൻഭൂരിപക്ഷത്തിൽ മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കോൺഗ്രസ് അവരുടെ ആശയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നു. 'തുക്ഡെ തുക്ഡെ" വിഭജനരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന്, കോൺഗ്രസിന്റെ നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർത്ഥി കനയ്യകുമാറിനെ ലക്ഷ്യമിട്ട് ലവ്‌ലി പറഞ്ഞു. ഡൽഹിയിലെ ഏഴു സീറ്റിലും ബി.ജെ.പി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement