വോട്ടുത്സവത്തിന് ശ്രീനഗർ

Sunday 05 May 2024 1:18 AM IST

ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി (അനുച്ഛേദം 370) മാറ്റിയ ശേഷമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ശ്രീനഗർ കനത്ത സുരക്ഷാവലയത്തിലാണ്. എങ്ങും സുരക്ഷാസേന. സ്ഥാനാർത്ഥികൾക്ക് പ്രത്യേക അകമ്പടി പൊലീസ്. കുറ്റമറ്റ സേനാവിന്യാസമെന്ന വെല്ലുവിളി കാരണമാണ് ലോക്സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിരുന്നു.

സംഘർഷങ്ങളെ തുടർന്ന് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 14.43 ശതമാനം മാത്രമായിരുന്നു ശ്രീനഗറിലെ പോളിംഗ്. 70 ബൂത്തുകളിൽ ഒരു വോട്ടുപോലും രേഖപ്പെടുത്തിയിരുന്നില്ല. അനുച്ഛേദം 370 റദ്ദാക്കിയ ശേഷം മേഖലയിൽ പുരോഗതിയുണ്ടായെന്നും, ഭീകരപ്രവർത്തനം അടിച്ചമർത്തിയെന്നുമാണ് കേന്ദ്രസർക്കാർ നിരന്തരം അവകാശപ്പെടുന്നത്. കാശ്മീരിലെ സുപ്രധാന മണ്ഡലത്തിന്റെ ജനമനസ് നാലാം ഘട്ടത്തിൽ 13ന് ബൂത്തിലെത്തും.

 ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല

2019ൽ എഴുത്തുകാരനായ ഖാലിദ് ജഹാംഗീറായിരുന്നു ശ്രീനഗറിലെ ബി.ജെ.പി സ്ഥാനാർത്ഥി. 4631 വോട്ടാണ് (2.48%) അന്ന് ബി.ജെ.പിക്ക് ലഭിച്ചത്. ഇത്തവണ ശ്രീനഗറിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല. എൻ.ഡി.എ സഖ്യത്തിലുള്ള ജമ്മു കാശ്മീർ അപ്നി പാർട്ടിയുടെ മുഹമ്മദ് അഷ്റഫ് മിറിനെയാണ് രംഗത്തിറക്കിയത്. 'ഇന്ത്യ" മുന്നണി നേതാക്കൾ ഇതിനെ രാഷ്ട്രീയ ആയുധമാക്കി. ജമ്മു കാശ്മീരിനെ വികസനത്തിലേക്ക് നയിക്കുന്നുവെന്ന് പറയുന്ന ബി.ജെ.പി എന്തു കൊണ്ട് സ്ഥാനാർത്ഥിയെ നിറുത്തിയില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ചോദിക്കുന്നു. നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയുടെ തട്ടകമാണിത്. ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം മത്സരിക്കുന്നില്ല. 2019ൽ 70,050 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫാറൂഖ് അബ്ദുള്ള ജയിച്ചത്.

29 സ്ഥാനാർത്ഥികളാണ് ഇത്തവണ കളത്തിലുള്ളത്. 'ഇന്ത്യ" സഖ്യത്തിലെ ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസിന്റെ ആഗാ സയിദ് റുഹുല്ല മെഹ്ദിയും, ജമ്മു കാശ്മീർ പി.ഡി.പി സ്ഥാനാർത്ഥി വഹീദ് പരയും നേർക്കുനേർ ഏറ്രുമുട്ടുന്നുവെന്നതാണ് ശ്രദ്ധേയം.

2019ലെ ഫലം

 ഫാറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്)- 106,750 വോട്ട് (വോട്ടു വിഹിതം- 57.14 %)

 ആഗാ സയിദ് മൊഹ്സിൻ (ജമ്മു കാശ്മീർ പി.ഡി.പി)- 36,700 വോട്ട് (വോട്ടു വിഹിതം- 19.64 %)

 ഇർഫാൻ റാസാ അൻസാരി (പീപ്പിൾസ് കോൺഫറൻസ്)- 28,773 വോട്ട് (വോട്ടു വിഹിതം- 15.4 %)

Advertisement
Advertisement