പ്രചാരണത്തിന് പണമില്ല: പുരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി

Sunday 05 May 2024 1:19 AM IST

ഭുവനേശ്വർ: പ്രചാരണത്തിന് പാർട്ടി പണം നൽകുന്നില്ലെന്നാരോപിച്ച് ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുചരിത മൊഹന്തി പിന്മാറി. ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അവർ കത്ത് നൽകി.

പുരി ലോക്‌സഭാ സീറ്റിലേക്കും ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കും 25നാണ് വോട്ടെടുപ്പ്. ആറാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

സുചാരിത നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നില്ല. ബി.ജെ.പിയുടെ സാംബിത് പാത്രയും ബി.ജെ.ഡിയുടെ അരൂപ് പട്നായിക്കുമാണ് പുരിയിലെ മറ്റ് സ്ഥാനാർത്ഥികൾ. ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു.

ജനങ്ങളിൽ നിന്ന് പിരിക്കാനും ചെലവ് ചുരുക്കാനും ശ്രമിച്ചെങ്കിലും പ്രചാരണം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ലെന്ന് സുചരിത മൊഹന്തി പറഞ്ഞു. തനിക്ക് പാർട്ടി ഫണ്ട് തരുന്നില്ല. ബി.ജെ.പിക്കും ബി.ജെ.ഡിക്കും പണക്കൂന തന്നെയുണ്ട്. എല്ലായിടത്തും അവർ വാരിക്കോരി ചിലവഴിക്കുകയാണ്. ഈ രീതിയിൽ മത്സരിക്കാൻ താത്പര്യമില്ല. നിയമസഭ മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർത്ഥികൾക്കാണ് പാർട്ടി ടിക്കറ്റ് നൽകിയതെന്നും അവർ ആരോപിച്ചു.

Advertisement
Advertisement