പെൻഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞു: വൃദ്ധയ്‌ക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മർദ്ദനം

Sunday 05 May 2024 1:20 AM IST

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് പെൻഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വൃദ്ധയ്‌ക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മർദ്ദനം. തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ടി. ജീവൻ റെഡ്ഡിയാണ് തൊഴിലുറപ്പ് തൊഴിലാളിയുടെ മുഖത്തടിച്ചത്.

തല്ലുന്നതിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ജീവൻ റെഡ്ഡി വിവാദത്തിലുമായി. അർമുർ നിയോജകമണ്ഡലത്തിലെ ഗ്രാമത്തിലായിരുന്നു സംഭവം. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് വോട്ടിട്ടതെന്നും തനിക്കിതുവരെ പെൻഷൻ കിട്ടിയില്ലെന്നും വൃദ്ധ റെഡ്ഡിയോട് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ പൂവിന് വോട്ടിടുമെന്നും അവർ പറഞ്ഞു. ഇതിൽ പ്രകോപിതനായ റെഡ്ഡി വൃദ്ധയെ മർദ്ദിക്കുകയായിരുന്നു.

ജീവൻ റെഡ്ഡിയുടെ മർദ്ദന ദൃശ്യം ബി.ജെ.പി പ്രചാരണായുധവുമാക്കി. നിരവധി ബി.ജെ.പി നേതാക്കളാണ് ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ചത്. ബി.ജെ.പിയിലെ ഡി. അരവിന്ദാണ് ജീവൻ റെഡ്ഡിയുടെ എതിർസ്ഥാനാർത്ഥി. കേന്ദ്രത്തിൽ ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ജീവൻ റെഡ്ഡിയെ കൃഷി മന്ത്രിയാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു.

Advertisement
Advertisement