ഓൺലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ

Sunday 05 May 2024 1:50 AM IST

തൃശൂർ: സംസ്ഥാനത്തെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മൈ ക്ലബ് ട്രേഡ്‌സ് എന്ന ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മലപ്പുറം കാളിക്കാവ് അമ്പലക്കടവ് സ്വദേശി പാലയ്ക്കത്തൊടി വീട്ടിൽ മുഹമ്മദ് ഫൈസലിനെ (43 ) ആണ് തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മിഷണർ ആർ. മനോജ് കുമാറിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ യാസിൻ എ.എം. അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ തൃശൂരിൽ മാത്രം 28 കേസുകളുണ്ട്.

വിവിധ പൊലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുകളുണ്ട്. മലാക്ക രാജേഷ് ഒന്നിച്ച് ഇയാളാണ് ആദ്യമായി മലപ്പുറം ജില്ലയിൽ ഈ തട്ടിപ്പ് തുടങ്ങിയത്. പിന്നീട് കേരളത്തിലെ വിവിധ ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രൊമോഷൻ ക്ലാസുകൾ നടത്തിയും ഗൂഗിൾ മീറ്റ് നടത്തിയും ആളുകളെ ആകർഷിച്ചായിരുന്നു ആളുകളിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നത്. ഇതേ തട്ടിപ്പ് നടത്തിയതിന് രാജേഷ് എന്ന മലാക്ക രാജേഷ്, അഡ്വ. പ്രവീൺ മോഹൻ, ഷിജോ പോൾ, സ്മിത, ജോബി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എം.സി.ടി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുത്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് പണം നേരിട്ട് കാഷ് ആയി സ്വീകരിച്ചായിരുന്നു തട്ടിപ്പ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ക്രൈം ബ്രാഞ്ച് എ.എസ്.ഐമാരായ വിനോദ് കെ.എം, ജെസി ചെറിയാൻ, ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സാമു എന്നിവരും ഉണ്ടായിരുന്നു.

Advertisement
Advertisement