പൊലീസുകാരെ ലോറിയിടിച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ

Sunday 05 May 2024 1:52 AM IST

പഴയങ്ങാടി: രാത്രികാല പട്രോളിംഗിനിറങ്ങിയ പഴയങ്ങാടി പൊലീസ് ജീപ്പിന് നേരെ മണൽ മാഫിയ അതിക്രമം നടത്തുകയും പൊലീസുകാരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രധാനപ്രതി ഒരു വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്ന മാടായി വാടിക്കൽ കടവ് സ്വദേശി ചക്കാലക്കൽ ഷംഷാദ് (32) നെയാണ് പഴയങ്ങാടി പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം വിദേശത്തു നിന്ന് മടങ്ങവേ കണ്ണൂർ എയർപോർട്ട് എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെച്ച് പഴയങ്ങാടി പൊലീസിന് കൈമാറിയത്. ഇതേ കേസിൽ ഉൾപ്പെട്ട നാല് പേരെ പഴയങ്ങാടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ജീപ്പിനെ ഇടിച്ച ടിപ്പർ ലോറി ഒളിവിൽ കൊണ്ടുപോകാൻ സഹായിച്ചതിനും മണൽ കടത്തിന് എസ്‌കോർട് പോയതിനുമാണ് നാലു പേരെ കസ്റ്റഡിയിൽ എടുത്തത്. 2023 ഏപ്രിൽ മാസം 10ന് പുലർച്ചെ മൂന്ന് മണിക്കാണ് കേസിന് ആസ്പദമായ സംഭവം. പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് പട്രോളിംഗിനിടെ പൊലീസ് വാഹനം കണ്ട മണൽ മാഫിയയുടെ ടിപ്പർ ലോറി മുന്നോട്ട് വന്ന് ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തു കൂടി ഓടിച്ച് പോകാൻ ഡ്രൈവർ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. ഇതോടെ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് ആദ്യം ടിപ്പർ ലോറി പൊലീസ് ജീപ്പിനെ ഇടിച്ചു മുന്നോട്ട് നീങ്ങി പിന്തുടർന്ന പൊലീസ് ജീപ്പിനെ മാടായി പള്ളി പരിസരത്ത് വച്ച് ഇടിച്ചു. ജീപ്പിന്റെ ചില്ല് തകർന്ന് എ.എസ്‌.ഐ വി.വി.ഗോപിനാഥ്, കെ.ശരത്ത്, ഹോം ഗാർഡ് ടി.ബാലകൃഷ്ണൻ എന്നിവർക്ക് പരിക്കേൽക്കുകയായിരുന്നു.

Advertisement
Advertisement