ദേശാടനക്കിളികളെ വേട്ടയാടിയ രണ്ടുപേർ പിടിയിൽ

Sunday 05 May 2024 1:51 AM IST

കാളികാവ്: ദേശാടനക്കിളികളെ വേട്ടയാടിയ രണ്ടു പേർ വനപാലകരുടെ പിടിയിലായി. ചമ്രവട്ടം ഭാരതപ്പുഴയുടെ തീരത്തുനിന്ന് അരിവാൾ കൊക്ക് എന്നറിയപ്പെടുന്ന ഷെഡ്യൂൾ രണ്ടിൽപെട്ട പക്ഷികളെയാണ് വേട്ടയാടിയത്.
തൃപ്പങ്ങോട് സ്വദേശി ദാസ്, ആലത്തിയൂർ സ്വദേശി രാജു എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം പതിനൊന്നിനാണ് സംഭവം. പക്ഷികളെ വേട്ടയാടുന്നത് ശ്രദ്ധയിൽപ്പെട്ട ട്രോമാ കെയർ പ്രവർത്തകർ വനപാലകരെ വിവരമറിയിച്ചു. വനപാലകരെത്തും മുമ്പ് പ്രതികൾ രക്ഷപ്പെട്ടു. വേട്ടയാടിയ പക്ഷികളുടെ ജഡം സംഭവസ്ഥലത്ത് കണ്ടെത്തി.തുടർന്നു നടന്ന അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ഇവർ പിടിയിലായത്.
ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ പി.എൻ. സജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.ജിബീഷ്, കെ.എസ്. സ്മിജു, എൻ.ബി.പ്രജിത്ത്, എസ്.എം.സനിത, ബേഡ് വാച്ചർ അയ്യപ്പൻ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

കവണ കൊണ്ട് വേട്ട കൂട്ടമായെത്തുന്ന കിളികളുടെ ഇടയിലേക്ക് കവണയെറിഞ്ഞ് കൊണ്ടാണ് വേട്ടയാടുന്നത്.
ദേശാടന കിളികളെ നിരീക്ഷിക്കുന്നതിനും ഇവയുടെ സംരക്ഷണത്തിനുമായി ഇവിടെ സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.

പ്രതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.

Advertisement
Advertisement