പ്ലാമൂട്ടുകടയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച മുഖ്യപ്രതി പിടിയിൽ

Sunday 05 May 2024 1:54 AM IST

പാറശാല: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ വീട്ടമ്മയുടെ ആറരപ്പവന്റെ മാല കവർന്ന കേസിൽ മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. പ്രതി കൊല്ലം ചിതറ വിളവ് പറ്റദേശത്ത് സൂര്യമുക്ക് കടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാൻ (24) ആണ് അറസ്റ്റിലായത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തി സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയുടെ മാല കവർന്ന രണ്ടംഗ സംഘത്തിലെ മുഖ്യപ്രതിയാണ് മുഹമ്മദ്ഷാൻ.

ഇക്കഴിഞ്ഞ മാർച്ച് 18നായിരുന്നു സംഭവം. പ്ലാമൂട്ടുകടയിലെ ഒരു ഡ്രൈവിംഗ് സ്കൂളിലെ അദ്ധ്യാപികയും കുളത്തൂരിൽ വിരാലി ചെറിയ കണ്ണക്കുഴി വീട്ടിൽ സുരേഷിന്റെ ഭാര്യയുമായ ലിജിദാസിന്റെ കഴുത്തിൽ കിടന്ന മാലയാണ് ബൈക്കിലെത്തിയ പ്രതികൾ കവർന്നത്. ഡ്രൈവിംഗ് സ്കൂളിലെ ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ലിജിയെ, ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടുപേർ ബലമായി മർദ്ദിച്ച് റോഡ് വശത്ത് തള്ളിയിട്ടശേഷം മാല പൊട്ടിച്ചു കടന്നത്. ബൈക്ക് ഓടിച്ചിരുന്ന ആളും കേസിലെ കൂട്ടുപ്രതിയുമായ തിരുവനന്തപുരം പെരുമാതുറ സ്വദേശി അഭിനെ കഴിഞ്ഞ മാസം പൊഴിയൂർ പൊലീസ് പിടികൂടിയിരുന്നു.
ബൈക്കിന്റെ പിറകിലിരുന്ന ആളും പ്രതിയുമായ മുഹമ്മദ് ഷാനാണ് വീട്ടമ്മയെ റോഡിൽ തള്ളിയിട്ടു മർദ്ദിച്ചശേഷം മാല കവർന്നത്. ഒളിവിലായിരുന്ന പ്രതിയെ ഷാഡോ പൊലീസിലെ പ്രത്യേക സംഘം പിന്തുടർന്ന് കല്ലറയിൽ നിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ നഷ്ടപ്പെട്ട മാല പ്രതി വിറ്റ കടയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പോത്തൻകോട് നിന്നും സംഘം മോഷ്ടിച്ച ബൈക്കിലാണ് സംഘം പ്ലാമൂട്ടുക്കടയിൽ എത്തിയത്. പ്ലാമൂട്ടുക്കടയിലെ മാല മോഷണത്തിന് ശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ അവിടെയും നിരവധി ബൈക്ക്, മാല മോഷണങ്ങളും നടത്തി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement