ദളിതനല്ലെന്ന റിപ്പോർട്ട് തള്ളി സർക്കാർ പ്രതിഷേധം; രോഹിത് വെമുല കേസിൽ പുനരന്വേഷണം

Sunday 05 May 2024 12:00 AM IST

ഹൈദരാബാദ്: 2016ൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദളിതനല്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ. പ്രതിഷേധം കനത്തതോടെ കേസ് പുനരന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. രോഹിത് വെമുല ദളിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. രോഹിതിന്റെ അമ്മ രാധിക വെമുല, സഹോദരൻ രാജ വെമുല 'ജസ്റ്റിസ് ഫോർ രോഹിത് വെമുല" ക്യാമ്പയിന്റെ ഭാഗമായിരുന്ന വിദ്യാർത്ഥി നേതാക്കൾ,​ അദ്ധ്യാപകർ എന്നിവർ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണുകയും ചെയ്‌തു. നീതിയുക്തമായ അന്വേഷണം വീണ്ടും നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും സർക്കാർ ഞങ്ങൾക്ക് നീതി ലഭ്യമാക്കുമെന്നും രാധിക വെമുല പറഞ്ഞു.
കേസ് അവസാനിപ്പിക്കുന്നതിനെതിരെ ഹൈദരാബാദ് സർകലാശാല ക്യാമ്പസിലും പ്രതിഷേധം ഉയർന്നു. തുടർന്ന് പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ട് തെലങ്കാന ഡി.ജി.പി രവി ഗുപ്ത പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേസിൽ തുടരന്വേഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി കോടതിയിൽ ഹർജി സമർപ്പിക്കും.
രോഹിത് ദളിതനല്ലെന്നും വ്യാജ ദളിത് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ അക്കാഡമിക് നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നുമുള്ള ഭയം രോഹിത്തിനെ ആത്മഹത്യയിലേക്കു നയിക്കുകയായിരുന്നെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

എ.ബി.വി.പി നേതാവിനെ മർദ്ദിച്ച കേസിൽ ഹോസ്റ്റലിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട അഞ്ച് ദളിത് ഗവേഷക വിദ്യാർത്ഥികളിലൊരാളായിരുന്നു രോഹിത്. സമരം തുടരുന്നതിനിടെ രോഹിത് ജീവനൊടുക്കുകയായിരുന്നു. വിദ്യാർത്ഥി സംഘർഷത്തിൽ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രിയായിരുന്ന ബന്താരു ദത്താത്രേയ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു നൽകിയ കത്തിൽ ദളിത് വിദ്യാർത്ഥികളെ തീവ്രവാദികളും ദേശവിരുദ്ധരും ജാതിവാദികളുമായി മുദ്രകുത്തിയെന്നും ഇതേത്തുടർന്ന് ക്യാമ്പസിൽ ഉണ്ടായ ബഹിഷ്‌കരണമാണ് രോഹിതിന്റെ മരണത്തിലേക്കു നയിച്ചതെന്നും വിവിധ സംഘടനകൾ കുറ്റപ്പെടുത്തി.

രാജ്യമൊട്ടാകെ പ്രക്ഷോഭമുണ്ടാവുകയും പാർലമെന്റിൽ രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിൽ വൻ വാക്കേറ്റത്തിന് ഇടയാക്കുകയും ചെയ്തതോടെ ദത്താത്രേയയ്ക്കും സർവകലാശാല വൈസ് ചാൻസലർ പി. അപ്പാറാവുവിനുമെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തിരുന്നു. ഈ അന്വേഷണത്തിലാണ് പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയത്. അന്നുതന്നെ രോഹിത് ദളിതനല്ലെന്ന വാദമുയരുകയും അതു തെറ്റാണെന്ന് വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ രേഖാമൂലം തെളിയിക്കുകയും ചെയ്തിരുന്നു.

രാഹുൽ മാപ്പ് പറയണം: ബി.ജെ.പി

കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി റിപ്പോർട്ട് വന്നതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. കോൺഗ്രസും സഖ്യകക്ഷികളും ദളിതരെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യുകയാണെന്നും ദളിതുകളോട് മാപ്പ് പറയണമെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു.

തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന് നാല് മാസത്തിന് ശേഷമാണ് നിലവിലെ സംഭവം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പത്ത് ദിവസങ്ങൾ മാത്രമുള്ളപ്പോൾ സംഭവം വിവാദമായിരിക്കുകയാണ്. ജോഡോ യാത്രയിൽ ഗാന്ധി രാധിക വെമുലയെ കോൺഗ്രസിൽ ചേരാൻ ക്ഷണിച്ചിരുന്നു.

Advertisement
Advertisement