നിജ്ജർ വധം; അറസ്റ്റിന് ഇന്ത്യയുമായി ബന്ധമില്ലെന്ന് എസ്. ജയശങ്കർ

Sunday 05 May 2024 12:13 AM IST

ന്യൂഡൽഹി:കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊല്ലപ്പെട്ട കേസിലെ അറസ്റ്റുകൾക്ക് ഇന്ത്യയുമായി ഒരു ബന്ധവുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.

ഒരു വിഭാഗം ഖാലിസ്ഥാൻ അനുകൂലികൾ കാനഡയുടെ ജനാധിപത്യത്തെ ഉപയോഗിച്ച് ലോബിയുണ്ടാക്കി വോട്ടുബാങ്കായി മാറിയിരിക്കുകയാണ്. അറസ്റ്റുകൾ കാനഡയുടെ ആഭ്യന്തര രാഷ്ട്രീയമാണ്. അതിനാലാണ് ഇന്ത്യയെ കുറ്റപ്പെടുത്തുന്നതും. അവിടെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,​ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡ ഇതുവരെ ഒരു തെളിവും ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. കനേഡിയൻ അന്വേഷണ ഏജൻസികളും സഹകരിക്കുന്നില്ലെന്ന് ജയശങ്കർ ഭുവനേശ്വറിൽ വ്യക്തമാക്കി. നിജ്ജറിന്റെ കൊലപാതകത്തിലെ പ്രതികളെന്ന് ആരോപിച്ച് കാനഡ മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിരുന്നു.

മറ്റു രാജ്യങ്ങൾ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രകീർത്തിക്കുമ്പോൾ കാനഡ മാത്രമാണ് അപവാദം. കാനഡയിലെ ചില രാഷ്ട്രീയ പാർട്ടികൾ ഖാലിസ്ഥാൻ അനുകൂലികളെ വോട്ടിനായി ആശ്രയിക്കുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ലക്ഷ്യമിട്ട് ജയശങ്കർ പറഞ്ഞു. ഇത്തരം ആളുകൾക്ക് വിസയോ,​ രാഷ്ട്രീയ ഇടമോ നൽകരുതെന്ന് പലതവണ ഇന്ത്യ ആവശ്യപ്പെട്ടിട്ടും കാനഡ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

 ഇന്ത്യ 'സെനഫോബിക്' അല്ല

ഇന്ത്യ 'സെനഫോബിക്' (വിദേശരാജ്യ വിദ്വേഷം) ആണെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശം എസ്. ജയശങ്കർ തള്ളി. ഇന്ത്യൻ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത പരാമർശമാണത്. ഇന്ത്യ സവിശേഷമായ രാജ്യമാണ്. വിവിധ സമൂഹങ്ങളിലെ വ്യത്യസ്തരായ മനുഷ്യർ രാജ്യത്തെത്തിയിട്ടുണ്ട്. തുറന്ന സമീപനമാണ് എക്കാലവും.

യു.എസ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഒരു കാരണം കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചതാണെന്ന് ജോ ബൈഡൻ പറഞ്ഞിരുന്നു. ഇന്ത്യ, ചൈന, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ 'സെനഫോബിക്' ആണെന്നും കുറ്റപ്പെടുത്തി. ഇത് ചർച്ചയായതോടെ ഇന്ത്യയെ ഒഴിവാക്കി. ഇതിനിടെയാണ് വിദേശ മന്ത്രിയുടെ പ്രതികരണം.

Advertisement
Advertisement