ഉപഭോക്താവിനെക്കുറിച്ചും വിചാരം വേണം

Sunday 05 May 2024 12:16 AM IST

അപ്രഖ്യാപിതമായി വൈദ്യുതി മുടങ്ങുന്നതിനെച്ചൊല്ലി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ജനങ്ങൾ വൈദ്യുതി ബോർഡ് ഒാഫീസിലെത്തി ബഹളം കൂട്ടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്.

കോഴിക്കോട്ടെ പന്തിരാങ്കാവിലെ ഒാഫീസിൽ ഇന്നലെ ഒരുവിഭാഗം ഉപഭോക്താക്കൾ ചെറിയ തോതിൽ അതിക്രമം നടത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്തതാണ് അതിൽ ഏറ്റവും ഒടുവിൽ ഉണ്ടായ സംഭവം.നിയമം കൈയിലെടുക്കാൻ ആർക്കും അനുവാദമില്ലാത്തതിനാൽ ഇത്തരം നടപടികളെ ആരും പ്രോത്സാഹിപ്പിക്കുകയില്ല. എന്നാൽ അസഹനീയമായ കൊടുംചൂടിൽ വൈദ്യുതികൂടി മുടങ്ങിയാലുണ്ടാകുന്ന അവസ്ഥ പറഞ്ഞറിയിക്കേണ്ടതില്ല. സ്വാഭാവികമായും ജനരോഷം ഉയരും. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോഡ് കൂടുന്ന മേഖലകളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെചുമതലപ്പെടുത്തി. രാത്രി പത്തുമണിമുതൽ പുലർച്ചെ രണ്ടുമണിവരെ എല്ലാവരും വൈദ്യുതി ഉപയോഗം കുറയ്ക്കുക, എയർകണ്ടിഷൻ സംവിധാനം ഉപയോഗിക്കുന്നവർ 26 ഡിഗ്രിക്ക് താഴെ സിസ്റ്റം സെറ്റ് ചെയ്യാതിരിക്കുക, അനാവശ്യ വിളക്കുകൾ, പ്രത്യേകിച്ചും അലങ്കാര വിളക്കുകൾ ഉപയോഗിക്കാതിരിക്കുക, വലിയ തോതിൽ വൈദ്യുതി വേണ്ടിവരുന്ന നിർമ്മാണ യൂണിറ്റുകൾ യന്ത്രങ്ങൾ ഇൗ സമയത്ത് പ്രവർത്തിക്കുന്നത് ഒഴിവാക്കുക, തുടങ്ങി ജനങ്ങളുടെ സഹകരണം തേടിയിരിക്കുകയാണ് ബോർഡ്. ജനം സഹകരിച്ചാൽ ലോഡ് ഷെഡ്ഡിംഗ് കൂടാതെതന്നെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും ഒൗദ്യോഗിക അറിയിപ്പിൽ പറയുന്നുണ്ട്.

വൈദ്യുതി മുടങ്ങുന്നതിനോടൊപ്പംതന്നെ ഉപഭോക്താക്കൾക്ക് ഇരുട്ടടി നൽകുന്നതാണ് വൈദ്യുതി ബില്ല്. കേരളം പോലെ വൈദ്യുതിക്ക് ഇത്രയും കൂടുതൽ വില നൽകേണ്ടിവരുന്ന സംസ്ഥാനം വേറെയുണ്ടോയെന്നു സംശയമാണ്. വൈദ്യുതി ബിൽ തയ്യാറാക്കുന്നതിൽ ഒരു ഉപഭോക്തൃ സൗഹൃദവും ബോർഡ് കാണിക്കാറില്ല. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും വിവിധ കരാറുകൾവഴി ലഭിക്കുന്നതും കേന്ദ്ര ആനുകൂല്യവും എല്ലാം കഴിഞ്ഞാലും ഉപഭോഗത്തിനനുസരിച്ച് പിടിച്ചുനിൽക്കാൻ വൻ നിരക്കിൽ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നുണ്ട്. ഇത് നിലവിലുള്ള നിരക്കിനുപുറമേ സർചാർജ്ജായി ഇൗടാക്കുന്നുമുണ്ട്. ഉപഭോക്താവിനെ എങ്ങനെയൊക്കെ പിഴിയാമോ അതൊക്കെ ചെയ്യുമ്പോഴും ജീവനക്കാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഇതര സർവീസ് ജീവനക്കാരുടേതിൽ നിന്നും എത്രയോ ഇരട്ടിയാണെന്ന വസ്തുത മറന്നു പോകരുത്. വൈദ്യുതി ജീവനക്കാരോട് ജനം പ്രതിഷേധം പ്രകടിപ്പിക്കുന്നതിനുള്ള പല കാരണങ്ങളിൽ ഒന്ന് ഇതാണ്. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് കെ.എസ്.ഇ.ബി ഒാഫീസുകൾ മാറിയിട്ടുണ്ടെന്നത് വസ്തുതയാണ്. പരാതി പറഞ്ഞാൽ ഉടൻ പ്രതികരണം ഇപ്പോൾ ഭൂരിഭാഗം ഒാഫീസുകളിൽ നിന്നും ലഭിക്കുന്നുണ്ട്. വൈദ്യുതി വകുപ്പ് ഭരിക്കുന്നത് ജനകീയനായ മന്ത്രി കെ. കൃഷ്ണൻ കുട്ടിയാണെന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം. അടിസ്ഥാനപരമായി ഒരു കർഷകൻ ആയ അദ്ദേഹം പൊതുജനങ്ങൾക്ക് ഗുണകരമാകാത്ത പ്രവൃത്തികളൊന്നും അനുവദിക്കാറില്ല. എന്നാൽ കുറേ കാലങ്ങളായി യൂണിയനുകൾ നിയന്ത്രിക്കുന്ന ബോർഡിൽ മന്ത്രിക്കും ആഗ്രഹിക്കുന്നവിധം കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് അദ്ദേഹം പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കാനും ബോർഡിന്റെ ചെലവ് കുറയ്ക്കാനും ഇനി ഒരു നിമിഷംപോലും വൈകിക്കൂട.

സോളാർ ഉപയോഗത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. എന്നാൽ അവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനം വൈദ്യുതി ബോർഡിൽ നിന്നുണ്ടാകുന്നുണ്ടെന്ന് പറയാനാകില്ല. ഇപ്പോൾത്തന്നെ സോളാർ യൂണിറ്റുകൾ സ്ഥാപിച്ച പലർക്കും മീറ്റർ നൽകാൻ കെ.എസ്.ഇ.ബിക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സോളാറിനെ ആശ്രയിക്കുന്നവർക്ക് വേണ്ട എല്ലാ സഹായങ്ങളും ബോർഡ് നൽകണം. ഒപ്പം വൈദ്യുതി നിരക്ക് അല്പമെങ്കിലും കുറയ്ക്കാനുള്ള നടപടികളെക്കുറിച്ചുകൂടി ആലോചിക്കുകയും വേണം.

Advertisement
Advertisement