ശക്തമായ മഴ: ബ്രസീലിൽ 56 മരണം

Sunday 05 May 2024 7:05 AM IST

സാവോ പോളോ: ബ്രസീലിലെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുലിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 56 മരണം. 67 പേരെ കാണാനില്ല. ഏകദേശം 25,000 പേരെ മാറ്റിപ്പാർപ്പിച്ചു. ഒരാഴ്ചയായി ഇവിടെ കനത്ത മഴ തുടരുകയാണ്. അഞ്ചു ലക്ഷത്തോളം പേർക്ക് വൈദ്യുതിയോ കുടിവെള്ളമോ ലഭ്യമല്ലെന്നാണ് കണക്ക്. സംസ്ഥാനത്തെ 497 നഗരങ്ങളിൽ പകുതിയും വെള്ളപ്പൊക്ക ബാധിത മേഖലയിൽപ്പെടുന്നു. റോഡുകളും പാലങ്ങളും വ്യാപകമായി തകർന്നു. ബെന്റോ ഗോൺകാൽവസ് നഗരത്തിൽ അണക്കെട്ട് തകർന്നത് 30 പേരുടെ മരണത്തിനിടയാക്കിയിരുന്നു. ജലനിരപ്പ് ഉയർന്നതോടെ മേഖലയിലെ മറ്റൊരു ഡാമും അപകടാവസ്ഥയിലാണ്. തലസ്ഥാന നഗരമായ പോർട്ടോ അലെഗ്രയിൽ ഗ്വയ്ബ നദി കരകവിഞ്ഞതോടെ തെരുവുകൾ വെള്ളത്തിലായി. ഇവിടുത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിറുത്തിവച്ചു. മേഖല സന്ദർശിച്ച ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ ദുരിതബാധിതർക്ക് സഹായം വാഗ്ദ്ധാനം ചെയ്തു. മേഖലയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisement
Advertisement