മുൻ മിസ് ഇക്വഡോർ മത്സരാർത്ഥി വെടിയേറ്റു മരിച്ചു

Sunday 05 May 2024 7:06 AM IST

കീറ്റോ: മിസ് ഇക്വഡോർ 2022 മത്സരാർത്ഥിയെ പട്ടാപ്പകൽ വെടിവച്ചു കൊന്നു. ക്വിവീഡോ നഗരത്തിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. 23കാരിയായ ലാൻഡി പരാഗ ഗോയ്‌ബറോ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം റെസ്റ്റോറന്റിലെത്തിയ ലാൻഡിയെ രണ്ട് അക്രമികൾ ചേർന്ന് വെടിയുതിർക്കുകയായിരുന്നു. ലാൻഡി തത്ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും വെടിയേറ്റു. സംഭവത്തിന് പിന്നാലെ പ്രതികൾ കടന്നുകളഞ്ഞു. വെടിവയ്പിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ലാൻഡി ക്വിവീഡോയിലെത്തിയത്. ആക്രമണത്തിന്റെ കാരണമോ പിന്നിൽ ആരാണെന്നോ വ്യക്തമല്ല. ലോസ് റിയോസ് പ്രവിശ്യയെ പ്രതിനിധീകരിച്ച് മിസ് ഇക്വഡോർ മത്സരത്തിൽ പങ്കെടുത്ത ലാൻഡിക്ക് സ്വന്തമായി വീട്ടുപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന ബിസിനസും സ്‌പോർട്‌സ്‌വെയർ ബ്രാൻഡുമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ലാൻഡിക്ക് ചില മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നെന്ന് റിപ്പോർട്ടുണ്ട്. അതേ സമയം, ഈ വർഷം ആദ്യം മുതൽ​ രാജ്യത്ത് അരങ്ങേറുന്ന മാഫിയ സംഘങ്ങളും സർക്കാരും തമ്മിലെ സംഘർഷങ്ങളുടെ ഭാഗമായി രാഷ്ട്രീയ പ്രവർത്തകരും ജനപ്രതിനിധികളുമടക്കം നിരവധി പേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

Advertisement
Advertisement