സമുദ്ര പരീക്ഷണം തുടങ്ങി ചൈനയുടെ ഫുജിയാൻ

Sunday 05 May 2024 7:06 AM IST

ബീജിംഗ് : ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പലായ ' ഫുജിയാന്റെ' കടലിലെ പരീക്ഷണങ്ങൾ തുടങ്ങി. മേയ് 1ന് ഷാങ്ങ്ഹായിയിലെ ജിയാംഗ്‌നാൻ ഷിപ്യാർഡിൽ നിന്നായിരുന്നു ഫുജിയാന്റെ ആദ്യ പരീക്ഷണ യാത്ര. കിഴക്കൻ ചൈനാക്കടലിൽ ഒരാഴ്ചയോളം പരീക്ഷണങ്ങൾ തുടരുമെന്നാണ് വിവരം. അധികം വൈകാതെ ഫുജിയാനെ സേനയുടെ ഭാഗമാക്കാനാണ് ചൈനയുടെ നീക്കം.

ചൈനയുടെ മൂന്നാമത്തേതും പൂർണമായി തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിക്കപ്പെടുന്ന ആദ്യത്തേതുമായ വിമാനവാഹിനി കപ്പലാണ് ഫുജിയാൻ. തെക്ക് - കിഴക്കൻ തീരദേശ പ്രവിശ്യയായ ഫുജിയാനിൽ നിന്നാണ് വിമാനവാഹിനിയ്ക്കും പേര് നൽകിയിരിക്കുന്നത്.

80,000 ടണ്ണിലേറെയാണ് ഫുജിയാന്റെ ഭാരം. യുദ്ധ വിമാനങ്ങൾക്ക് വേഗത്തിൽ പറന്നുയരാൻ സഹായിക്കുന്ന സാങ്കേതികവിദ്യയിലാണ് ഫുജിയാന്റെ നിർമ്മാണം. 2018ലാണ് ഫുജിയാന്റെ നിർമ്മാണം ആരംഭിച്ചത്.

നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഫുജിയാനിലൂടെ ഇൻഡോ പസഫിക് മേഖലയിൽ തങ്ങളുടെ നാവികസേനയെ ശക്തിപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം. നിലവിൽ ഏറ്റവും കൂടുതൽ വിമാനവാഹിനി കപ്പലുകൾ സർവീസിലുള്ളത് യു.എസിനാണ്. 11 എണ്ണം. ഇതിന് തൊട്ടുപിന്നിൽ 3 എണ്ണവുമായി രണ്ടാം സ്ഥാനത്താണ് ചൈന.

Advertisement
Advertisement