വർക്കല ജോയിന്റ് സബ് ആർ.ടി ഓഫീസിൽ വാഹനവും കട്ടപ്പുറത്ത്

Monday 06 May 2024 1:30 AM IST

വർക്കല: വർക്കലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസ് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാതെ പ്രശ്നങ്ങൾക്ക് നടുവിൽ വലയുന്നു. വാഹന പരിശോധന പൂർണമായും നിലച്ചു. റോഡ് സുരക്ഷാ നടപടികൾക്കും വാഹന പരിശോധനയ്‌ക്കുമായി ആകെയുണ്ടായിരുന്ന വാഹനം 15 വർഷം പൂർത്തിയാക്കിയതോടെ പ്രതിസന്ധി ഉടലെടുത്തത്. നിയമപ്രകാരം നിരത്തിലിറക്കാൻ കഴിയാതായതോടെ ഏപ്രിൽ 29ന് വർക്കല താലൂക്ക് ഓഫീസ് വളപ്പിലേക്ക് വാഹനം മാറ്റി. വാഹനത്തിന്റെ കാലാവധി പൂർത്തിയാകുന്നത് നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയെങ്കിലും നാളിതുവരെ പുതിയ വാഹനം വർക്കല സബ് ആർ.ടി ഓഫീസിന് അനുവദിച്ചിട്ടില്ല. ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിലും ടാക്സികളെയും ആശ്രയിച്ച് ജോലി ചെയ്യേണ്ട സാഹചര്യമാണിപ്പോൾ. പള്ളിക്കൽ, കല്ലമ്പലം, വർക്കല, അയിരൂർ തുടങ്ങി സമീപ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രൈം, ആക്സിഡന്റ് കേസുകളിൽ പരിശോധനയ്ക്കായി എത്തുന്നതിനു പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.

 ഓഫീസ് വാടക കെട്ടിടത്തിൽ

വർക്കല - പുത്തൻചന്ത റോഡിലെ വാടക കെട്ടിടത്തിലാണ് നിലവിൽ സബ് ആർ.ടി ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രധാന റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും ഇവിടെ സ്ഥലമില്ല. വർക്കല താലൂക്ക് ഓഫീസ് സമുച്ചയത്തിൽ സ്വന്തമായി ഓഫീസ് അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിട്ട് ഒരു വർഷത്തോളമാകുന്നു. എന്നാൽ പലവിധത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളും മുട്ടുന്യായങ്ങളും ഇതിന് തടസ്സമാകുന്നു.

 ജോലിഭാരവും അധികം

ജീവനക്കാരുടെ കുറവ് നിലവിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു. രണ്ട് എം.വി.ഐയും ഒരു എ.എം.വി.ഐയുമാണ് വർക്കല ജോയിന്റ് സബ് ആർ.ടി.ഒയ്‌ക്ക് കീഴിലുള്ളത്. വിനോദസഞ്ചാര മേഖല കൂടിയായ വർക്കലയിൽ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന നിയമലംഘനങ്ങൾ നടത്തുന്നത്. വാഹന പരിശോധന ഇല്ലാത്തതിനാൽ ഇവർക്ക് ആരെയും ഭയക്കേണ്ട സാഹചര്യവുമില്ല. ദിവസേന നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾക്കും വാഹന പരിശോധനയ്‌ക്കും മതിയായ ഉദ്യോഗസ്ഥരില്ല.

പ്രതികരണം

വാഹന പരിശോധന നിലച്ചത് നിയമലംഘനങ്ങൾ വർദ്ധിക്കാൻ ഇടയാക്കി. മുൻപുണ്ടായിരുന്ന ട്രാഫിക് പൊലീസ് സംവിധാനവും ഇല്ലാതായി. അടിയന്തര നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകണം.

കൃഷ്ണകുമാർ

മുൻ കൗൺസിലർ, വർക്കല നഗരസഭ


Advertisement
Advertisement