വിപണിയിൽ നാടനില്ല എല്ലാം മറുനാടൻ...

Sunday 05 May 2024 7:14 PM IST

കോട്ടയം: കടുത്ത ചൂട് പച്ചക്കറി കർഷകരുടെ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തുകയാണ്. വേനലിൽ നാടൻ പയറും പാവലും വെണ്ടയുമെല്ലാം നശിച്ചതോടെ നഷ്ടക്കണക്ക് നിരത്തുകയാണ് ജില്ലയിലെ പച്ചക്കറി കർഷകർ. ഇതോടെ നാടൻ പച്ചക്കറി വിപണിയിൽ കിട്ടാത്ത അവസ്ഥയായി. പതിവ് കൃഷിക്കാരെല്ലാം വെള്ളത്തിന്റെ ക്ഷാമത്തിൽ പൊറുതിമുട്ടുകയാണ്. അമിതസംരക്ഷണം നൽകിയിട്ടും ചൂടിൽ വിളവ് പാതിയിലും താഴെയാണ്. വരവ് പച്ചക്കറിക്ക് വിലയും കൂടി.ജില്ലയിൽ സുലഭമായിരുന്ന പാവൽ,അച്ചിങ്ങപ്പയർ, പടവലം തുടങ്ങി പന്തലിൽ പടരുന്ന എല്ലാ പച്ചക്കറികളെയും വേനൽ ബാധിച്ചു. കായ ആകുന്നതിനു മുൻപ് പൂവ് കരിയുകയാണ്. ഉത്പാദനം നാലിൽ ഒന്നായി കുറഞ്ഞു. കഴിഞ്ഞ സീസണിൽ ഒരേക്കർ പയർ തോട്ടത്തിൽ നിന്നു ഒന്നിടവിട്ട ദിവസം 120 കിലോ വരെ വിളവ് ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 30 കിലോയിലേയ്ക്ക് ചുരുങ്ങിയതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.

ഇഞ്ചി കിട്ടാനില്ല

ചേന, കാച്ചിൽ തുടങ്ങിയ കിഴങ്ങു കൃഷിയെയും ചൂട് ബാധിച്ചിട്ടുണ്ട്. ഇഞ്ചി കിട്ടാനില്ല. കപ്പയ്ക്ക വില കുറഞ്ഞിട്ടുണ്ട്. വിപണിയിൽ വരവ് പച്ചക്കറിയാണ് ആശ്രയം.

ഓണവിപണിയിൽ തീവില?​

ഏത്തവാഴക്കൃഷിയെ ചൂട് കാര്യമായി ബാധിച്ചു. ഓണവിപണി ലക്ഷ്യമാക്കി ആരംഭിച്ച കൃഷിയും നാശത്തിന്റെ പാതയിലാണ്. ഈ സാഹചര്യത്തിൽ ഓണവിപണിയിൽ നാടൻ ഏത്തയ്ക്ക് തീവിലയാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ഒരു വാഴയിൽ 10 പടല കായ വരെ വിരിഞ്ഞിരുന്നെങ്കിൽ മൂന്നോ നാലോ പടലകൾ മാത്രമായി. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ കൃത്യമായി വളപ്രയോഗവും നടത്താൻ സാധിക്കുന്നില്ല. ജലസേചനത്തിന് വെള്ളം ഉണ്ടെങ്കിൽ മാത്രമേ വളപ്രയോഗത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ.

ചൂടാണ് വില്ലൻ

പമ്പ് പ്രവർത്തിപ്പിച്ചു ജലസേചനം

ഡീസലും വൈദ്യുത ചാർജും കണ്ടെത്തണം

വെയിലേൽക്കാതിരിക്കാൻ കൂടുതൽ സംരക്ഷണം ഒരുക്കണം
ചൂടിൽ കീടങ്ങളുടെ ആക്രമണം വർദ്ധിച്ചു

വിളവ് കുറഞ്ഞതും ചെലവ് കൂടിയതും പ്രതിസന്ധിയിലാക്കുന്നു. നഷ്ടപരിഹാരം നൽകാൻ കൃഷി വകുപ്പ് തയ്യാറാവണം'' മാത്യു ജോൺ, കർഷകൻ

Advertisement
Advertisement