എടക്കുന്നി ഭഗവതിക്ക് മുന്നിൽ തുടങ്ങി, ഒടുവിൽ കലാശവും

Monday 06 May 2024 12:00 AM IST

  • വാദ്യകലയിൽ ഇനിയില്ല കേളത്ത് ശൈലി

തൃശൂർ: 12-ാം വയസിൽ എടക്കുന്നി ഭഗവതിക്ക് മുന്നിൽ കൊട്ടിയാണ് കേളത്ത് തുടങ്ങിയത്, ഒടുവിൽ ആ വാദ്യസപര്യയ്ക്ക് തിരശ്ശീല വീണതും അവിടെ തന്നെ. എടക്കുന്നി ക്ഷേത്രവുമായുള്ള 'ഒരാത്മബന്ധ'മുണ്ടായിരുന്നു കേളത്ത് അരവിന്ദാക്ഷ മാരാർക്ക്.

ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട് എടക്കുന്നി ഭഗവതിയുടെ പുറപ്പാട് നാളിൽ വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും ഭഗവതിയെ തൊഴുത് തന്റെ ചെണ്ടയിൽ കാലം കൊട്ടിക്കൊടുത്ത ശേഷമാണ് സൗമ്യനായ കേളത്ത് പിൻവാങ്ങിയത്. അൽപ്പ നേരം മാത്രമേ കൊട്ടിയെങ്കിലും ആസ്വാദകരെയും ഇടംവലം നിന്ന പുതുതലമുറയെയും വിസ്മയിപ്പിച്ചായിരുന്നു മടക്കം.

എടക്കുന്നി ക്ഷേത്രത്തിന് മുന്നിൽ ഗുരു കൂടിയായ പിതാവ് മാക്കോത്ത് ശങ്കരൻകുട്ടി മാരാർ പകർന്ന വാദ്യസമ്പത്ത് സദസിന് മുന്നിൽ ആദ്യം കൊട്ടിക്കാണിച്ച അരവിന്ദാക്ഷന്റെ ആ വാദ്യപ്രതിഭ പിന്നീട് കേരളത്തിലെ ഉത്സവവേദികളിലെല്ലാം നിറഞ്ഞൊഴുകി. ഒരിക്കൽ പോലും പ്രശസ്തിയുടെ പിറകെ പോകാതെ വാദ്യകലയിൽ ആത്മസമർപ്പണം നടത്തിയ കലാകാരനായിരുന്നു കേളത്ത്. പ്രമാണം നൽകാമെന്ന് പറഞ്ഞാലും ആദ്യം ഏൽപ്പിച്ച സ്ഥലത്ത് നിന്ന് മാറുന്ന ശീലവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.


പൂരത്തിൽ നാലര പതിറ്റാണ്ട്

നാലര പതിറ്റാണ്ടുകാലമാണ് തൃശൂർ പൂരത്തിൽ കേളത്തിന്റെ വാദ്യവിസ്മയം പൂത്തുലഞ്ഞത്. 2021ൽ ഇലഞ്ഞിത്തറ മേളത്തിൽ നിന്ന് വിടവാങ്ങുമ്പോൾ പൂരത്തിന്റെ കണക്കുപുസ്‌തകത്തിൽ കേളത്തിന്റെ ഹാജർ 45. ആദ്യം 13 വർഷം പാറമേക്കാവിലും പിന്നീട് ഒമ്പത് വർഷം തിരുവമ്പാടിയിലും തിരിച്ച് പാറമേക്കാവിൽ തുടർച്ചയായി 23 വർഷവുമാണ് കൊട്ടിക്കയറിയത്.

പതിയാരത്ത് കുഞ്ഞൻ മാരാർ പാറമേക്കാവ് മേളപ്രമാണിയായിരിക്കുമ്പോഴാണ് കേളത്ത് ആദ്യമായി തൃശൂർ പൂരത്തിനെത്തുന്നത്. അന്ന് പ്രതിഫലം പത്ത് രൂപയായിരുന്നുവെന്ന് കേളത്ത് പറഞ്ഞിരുന്നു. പിന്നീട് തൃപ്പേക്കുളം അച്യുത മാരാർക്കൊപ്പം തിരുവമ്പാടിയിലും പെരുവനത്തിനൊപ്പം പാറമേക്കാവിലും എത്തി. ആദ്യകാലത്തെ പ്രമുഖ കലാകാരൻമാർക്കൊപ്പം കൊട്ടിയിട്ടുള്ള കേളത്ത് പാണ്ടിക്കും പഞ്ചാരിക്കും പുറമേ തിമിലയിലും തായമ്പകയിലും കഴിവ് തെളിയിച്ചുണ്ട്.

വാദ്യലോകത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, ചെറുശേരി കുട്ടൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് മെംബർ പ്രംരാജ് ചൂണ്ടലാത്ത് തുടങ്ങി നൂറുകണക്കിന് പേരാണ് വസതിയിൽ എത്തിയത്.

Advertisement
Advertisement