ഇറാനിയൻ ഉരു പുറംകടലിൽ പിടികൂടി കോസ്‌റ്റ് ഗാർഡ്,​ ബോട്ടിലുള്ളത് മത്സ്യ തൊഴിലാളികളെന്ന് സൂചന

Sunday 05 May 2024 8:13 PM IST

കോഴിക്കോട്: കൊയിലാണ്ടിയ്‌ക്ക് സമീപം കേരളതീരത്ത് ഇറാനിയൻ മത്സ്യബന്ധന നൗക കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ ദൂരത്തായാണ് ഇറാനിയൻ മത്സ്യബന്ധന ഉരു കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ബോട്ട് നിരീക്ഷിക്കുകയും പിന്നീട് കസ്റ്റഡിയിലെടുത്ത് ബോട്ടിലുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്‌തു. ആറ് കന്യാകുമാരി സ്വദേശികളായ മത്സ്യ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.

ഇറാനിൽ മത്സ്യബന്ധനത്തിന് പോയവരാണിവർ. എന്നാൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഒരു ബോട്ട് സംഘടിപ്പിച്ച് തിരികെ പോന്നതാണെന്നാണ് വിവരം. മത്സ്യതൊഴിലാളികൾ വിവരം നൽകിയതിനെ തുടർന്ന് കോസ്റ്റ്‌ഗാർഡ് കേസെടുത്തിട്ടില്ല. അതേസമയം ബോട്ടിൽ ഇന്ധനം തീർന്നതിനാൽ കെട്ടിവലിച്ച് കരയ്‌ക്കടുപ്പിക്കാനാണ് ശ്രമം.

അതേസമയം ഏപ്രിൽ 13ന് തങ്ങൾ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചെന്ന് ഇറാൻ കഴിഞ്ഞദിവസം അറിയിച്ചു. എന്നാൽ കപ്പൽ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാൻ വിദേശകാര്യമന്ത്രി ഹൊസൈൻ ഇന്ത്യക്കാരുൾപ്പെടെ 25 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അവരിൽ ഏക വനിതയും മലയാളിയുമായ ആൻ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു.മനുഷ്യത്വപരമായ കാരണങ്ങളാലാണ് ജീവനക്കാരെ മോചിപ്പിക്കുന്നതെന്നും അവർക്കും കപ്പലിന്റെ ക്യാപ്‌റ്റനും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.

Advertisement
Advertisement