പൂത്തുറയിൽ കടലാക്രമണം രൂക്ഷം: നാല് വീടുകൾ തകർന്നു

Monday 06 May 2024 3:13 AM IST

കടയ്‌ക്കാവൂർ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷം. അഞ്ചുതെങ്ങ് പൂത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. നാല് വീടുകൾ ഭാഗികമായി തകർന്നു.

അഞ്ചുതെങ്ങ് പെരുമാതുറ തീരദേശ പാതയിൽ പൊലീസ് ഗതാഗതം വഴി തിരിച്ചുവിട്ടു. ശനിയാഴ്ച രാത്രി 9നാണ് കടലാക്രമണം ആരംഭിച്ചത്. തിരയടി ശക്തമായതോടെ രാത്രി വൈകി മൂന്ന് വീടുകളിലെ താമസക്കാർ വീടുവിട്ടിറങ്ങി. രാവിലെയുണ്ടായ കടലാക്രമണത്തിലാണ് മത്സ്യത്തൊഴിലാളിയായ ഷിബുവിന്റെ വീട് ഭാഗികമായി തകർന്നത്. വീടിന്റെ തറഭാഗം പൂർണമായും തകർന്നതോടെ റോഡിലേക്ക് തിരയടിച്ചു വെള്ളം കയറുന്ന സാഹചര്യമുണ്ടായി.

അഞ്ചുതെങ്ങ് പൂത്തുറ അഞ്ചക്കടവ് അനിലാഭവനിൽ സെലിൻ (85),ജസീന്താ ജോൺസൺ (64),സന്തോഷ് ജോൺസൺ (33) എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു. കഴിഞ്ഞ മാസമുണ്ടായ കടൽക്ഷോഭത്തിലും ഇവരുടെ വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.

Advertisement
Advertisement