ഇനിയിത് എന്ന് ശരിയാകാൻ!

Sunday 05 May 2024 8:23 PM IST

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എക്സറേ ലാബ് നിശ്ചലം

പൊൻകുന്നം: ഏറെ കാത്തിരുന്നാണ് ആധുനിക സംവിധാനങ്ങളുമായി പുതിയ മന്ദിരം പ്രവർത്തനം തുടങ്ങിയത്. പക്ഷേ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രശ്നങ്ങൾ അപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോൾ എക്‌സറേ യൂണിറ്റ് നിശ്ചലമായതാണ് രോഗികളെ വലയ്ക്കുന്നത്. മാസങ്ങളായി എക്‌സ്‌റേ വിഭാഗം മെഷീൻ തകരാറിലാണ്. ഇതേത്തുടർന്ന് ആശുപത്രിയുടെ ചുമതലയുള്ള വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പുതിയ എക്‌സറേ മെഷീൻ വാങ്ങിനൽകി.പുതിയ മന്ദിരത്തിൽ എക്‌സറേ ലാബ് സജ്ജമാക്കിയെങ്കിലും ശീതീകരണ സംവിധാനമില്ലാത്തതിനാൽ ലാബ് പ്രവർത്തിക്കുന്നില്ല.

കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ നിന്നായി നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. മിനി മെഡിക്കൽ കോളേജ് എന്നറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എല്ലാവിധ ചികിത്സാസൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്.എന്നാൽ ഒന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതാണ് സത്യം.

വിട്ടോ മെഡിക്കൽ കോളേജിലേക്ക്

ഇവിടെയെത്തുന്ന നിർദ്ധനരായ രോഗികൾക്ക് എക്‌സറേ എടുക്കണമെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ് പതിവ്. അല്ലെങ്കിൽ വലിയ തുക മുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്നു. വാഹനാപകടങ്ങളടക്കം വിവിധ അപകടങ്ങളിൽപെടുന്നവരും അടിയന്തിര ചികിത്സ ആവശ്യമുള്ളതുമായ കേസുകളാണ് ജനറൽ ആശുപത്രിയിലെത്തുന്നതിലധികവും. അതുകൊണ്ടുതന്നെ എക്‌സ്‌റേ ലാബ് അനിവാര്യമാണ്. ലാബ് പ്രവർത്തനസജ്ജമാണെന്നും എ.സി.സ്ഥാപിക്കുന്നതോടെ ലാബ് തുറക്കുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

Advertisement
Advertisement