ചൂടിൽ തകരാറിലായത് 60 ട്രാൻസ്‌ഫോമറുകൾ

Sunday 05 May 2024 9:24 PM IST

കോട്ടയം: പൊരിഞ്ഞ ചൂടിൽ നാട് വിയർക്കുമ്പോൾ അമിത വൈദ്യുത ഉപഭോഗത്തിന്റേ പേരിൽ കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ നഷ്ടം. ഇതുവരെ 60 ട്രാൻസ്ഫോമറുകളാണ് തകരാറിലായത്. ഏറെ ട്രാൻസ്ഫോമറുകളും അടിച്ചുപോയത് രാത്രി 9ന് ശേഷമാണ്.

ചൂട് ക്രമാതീതമായി വർദ്ധിച്ചു തുടങ്ങിയതിന് പിന്നാലെയാണ് ട്രാൻസ്‌ഫോർമറുകൾ തുടർച്ചയായി തകരാറിലാകുന്നത്. പൂർവസ്ഥിതിയിലാക്കാനാവട്ടെ മിനിമം രണ്ട് ലക്ഷം രൂപ ചെലവഴിക്കണം. ഒരു കോടിയിലേറെ രൂപ ഈ ഇനത്തിൽ മാത്രം കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ട്. മാർച്ച് മുതലാണ് ജില്ലയിൽ വൈദ്യുതഉപഭോഗം വർദ്ധിച്ചത്. വേനൽ മഴ പെയ്തതിനു ശേഷം വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു. ജില്ലയിൽ 10 ശതമാനം അധിക വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. രാത്രിയും പകലും ഫാനും എ.സിയും ഉപയോഗിക്കുന്നവരാണ് ഏറെയും. ഉഷ്ണത്തിൽ രക്ഷപെടാൻ പുതുതായി എ.സി വാങ്ങിയ വീടുകളുടെ എണ്ണവും വർദ്ധിച്ചു. ഉപഭോഗം കൂടിയതോടെ കെ.എസ്.ഇ.ബിയുടെ പല ട്രാൻസ്‌ഫോർമറുകൾക്കും പ്രസരണം താങ്ങാൻ കഴിയുന്നില്ല. വർഷങ്ങളായി ഉപയോഗിച്ചിരുന്ന ട്രാൻസ്‌ഫോർമറുകളുടെ പോലും പ്രവർത്തനം നിലച്ചു.

വലിയ പ്രതിസന്ധി

തകരാറിലാകുന്ന ട്രാൻസ്‌ഫോർമറുകൾക്കു പകരം പള്ളത്തു നിന്നു ട്രാൻസ്‌ഫോർമർ പകരം നൽകുന്നതാണു പതിവ്. എന്നാൽ, തകരാറിലാകുന്നവയുടെ എണ്ണം വർദ്ധിച്ചതോടെ അങ്കമാലി ടെൽകിൽ എത്തിച്ച് തകരാർ പരിഹരിക്കേണ്ട അവസ്ഥയാണ്. വേനൽ മഴയ്‌ക്കൊപ്പമെത്തിയ മിന്നലും കാറ്റും പലയിടങ്ങളിലും കെ.എസ്.ഇ.ബിയ്ക്കു നഷ്ടമുണ്ടാക്കി.

 എ.സിയും ഫാനും കൂടുതൽ സമയം

 ഇലക്ട്രിക്കൽ വാഹനങ്ങളുടെ ചാർജിംഗ്
 കൂടുതൽ വെള്ളം വേണ്ടതിനാൽ മോട്ടോർ ഉപയോഗം

Advertisement
Advertisement