അമിത് ഷായുടെ ഗാന്ധിനഗർ അടക്കം 95 സീറ്റിൽ നാളെ വോട്ടെടുപ്പ്

Monday 06 May 2024 12:00 AM IST

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ നാളെ 11 സംസ്ഥാനങ്ങളിലും ജമ്മുകാശ‌്‌മീർ, ദാദർ, നാഗർഹവേലി-ദാമൻ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 95 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മദ്ധ്യപ്രദേശിലെ ബേട്ടുൽ മണ്ഡലവും ഇതിലുൾപ്പെടുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലെ 191 സീറ്റുകൾ ഉൾപ്പെടെ മൂന്നാം ഘട്ടം കഴിയുമ്പോൾ 286 സീറ്റുകളിൽ വിധി നിർണയിക്കപ്പെടും. ആകെയുള്ള 543 സീറ്റുകളിൽ പകുതിയിലധികം സീറ്റുകളിൽ ഇതോടെ വോട്ടെടുപ്പ് കഴിയും.

കേന്ദ്രമന്ത്രി അമിത് ഷായുടെ ഗാന്ധിനഗർ അടക്കം ഗുജറാത്തിലെ 26 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നതിനാൽ ബി.ജെ.പിക്ക് മൂന്നാം ഘട്ടം നിർണായകമാണ്. സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ നേതാവ് പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണത്തിൽ കർണാടകയിൽ ബി.ജെ.പി പ്രതിരോധത്തിലാണ്. ഗുജറാത്തിലെ സൂററ്റിൽ ബി.ജെ.പി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മദ്ധ്യപ്രദേശിലെ രാജ്ഗഡിൽ കോൺഗ്രസ് സ്ഥാനാ‌ത്ഥി ദിഗ്‌വിജയ സിംഗാണ് മത്സരിക്കുന്നത്.