എങ്ങും ഓരുവെള്ളം കിട്ടാനില്ല കുടിവെള്ളം

Monday 06 May 2024 2:13 AM IST

കുട്ടനാട് : തണ്ണീർമുക്കം ബണ്ടിന്റെ ഭൂരിഭാഗം ഷട്ടറുകളും തുറന്ന് ഓരുവെള്ളം ജലാശയങ്ങളിലാകെ നിറഞ്ഞതോടെ കുട്ടനാട്ടിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായി. കായലിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന കൈനകരി, ചേന്നങ്കരി, വേണാട്ടുകാട്, കാവാലം എന്നിവിടങ്ങൾക്ക് പുറമെ നെടുമുടി, ഒന്നാങ്കര, രാമങ്കരി,വെളിയനാട് പ്രദേശങ്ങളിലുമാണ് കുടിവെള്ളം കിട്ടാതായത്.

കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്നും പുറംതള്ളുന്ന ,ദുർഗന്ധം വമിക്കുന്നതും വിഷലിപ്തവുമായ വെള്ളം എങ്ങും നിറഞ്ഞതോടെ കുളി,അലക്ക്,പാത്രം വ്യത്തിയാക്കൽ തുടങ്ങിയ ദൈനംദിനാവശ്യങ്ങൾ നിർവഹിക്കാൻ പോലും ശുദ്ധജലം എത്തിക്കേണ്ട സ്ഥിതിയാണ്.

നീരേറ്റുപുറം വാട്ടർ ടാങ്കിൽ നിന്നും ഒരു ദിവസം 14 എം.എൽ.ഡി വെള്ളംവിതരണം ചെയ്യുന്നുവെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. ഇവിടെ നിന്ന് നേരിട്ട് മുട്ടാർ പഞ്ചായത്തിലേക്കും പള്ളിക്കുട്ടുമ്മ ടാങ്കിൽ വെള്ളമെത്തിച്ച ശേഷം അവിടെ നിന്നു രാമങ്കരി പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്കും വിതരണം നടത്തുന്നുവെന്ന് പറയുമ്പോഴും വേഴപ്ര, കുഴിക്കാലാ കോളനി, ഊരുക്കരി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളമെത്തിയിട്ട് നാളുകളായി. കാവാലത്തേക്ക് കുടിവെള്ള വിതരണം നടത്തുന്നതിനായി മാമ്പുഴക്കരി വഴി കോടികൾ മുടക്കി പുതിയൊരു ലൈൻ വലിച്ചെങ്കിലും പദ്ധതി ലക്ഷ്യം കാണാതെ പോയി.
.

വള്ളത്തിലും വെള്ളവിതരണം നടക്കില്ല

കൈനകരി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ 2 മുതൽ 8 വരെയുള്ള വാർഡുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്.

മുണ്ടയ്ക്കൽ ടാങ്കിൽ നിന്നും ഈ വാർഡുകളിലേക്ക് 4.1എം.എൽ.ഡി വെള്ളം ദിവസേന വിതരണം നടത്തിവരുന്നതായി വാട്ടർ അതോറിട്ടി അവകാശപ്പെടുമ്പോഴും ശുദ്ധജലമെന്നത് തങ്ങൾക്ക് ഒരു കിട്ടാക്കനിയാണന്നാണ് പ്രദേശവാസികൾ പറയുന്നത്. വള്ളത്തിൽ കുടിവെള്ളമെത്തിക്കാമെന്നുവച്ചാൽ തോടുകളിലാകെ പോള തിങ്ങിനിറഞ്ഞിരിക്കുന്നതിനാൽ അതും നടക്കുന്നില്ല.

എങ്ങുമെത്താതെ പദ്ധതികൾ

1.കൈനകരിപഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ പൈപ്പും ടാപ്പും പേരിന് പോലുമില്ല

2.കാവാലത്ത് വെള്ളമെത്തിക്കാനുള്ള വാട്ടർ അതോറിട്ടിയുടെ പദ്ധതി എങ്ങുമെത്തയില്ല

3.എല്ലാ പഞ്ചായത്തുകളിലും ഓവർഹെഡ് ടാങ്കെന്ന എം.എൽ.എയുടെ വാഗ്ദാനം നടപ്പായില്ല

4.വാട്ടർ അതോറിട്ടി അധികൃതർക്ക് പരാതി നൽകിയാലും പ്രയോജനമില്ല

5.രാമങ്കരിയിലെ ഓവർ ഹെഡ് ടാങ്ക് നോക്കുകുത്തിയായിട്ട് വർഷങ്ങൾ

കടുത്ത വേനലിന് പുറമേ, ബണ്ട് തുറന്ന് ഓരുവെള്ളം കൂടിയെത്തിയതോടെ എങ്ങും ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്

- പ്രദേശവാസികൾ

Advertisement
Advertisement