ആത്മവിശ്വാസമേകി, 'അമ്മയ്ക്കൊരു കൂട്ട്'

Monday 06 May 2024 3:26 AM IST

തിരുവനന്തപുരം: പ്രസവസമയത്ത് ലേബർ റൂമിൽ ബന്ധുവായ സ്ത്രീയെ അനുവദിച്ച എസ്.എ.ടി ആശുപത്രിയുടെ 'അമ്മയ്ക്കൊരു കൂട്ട്' പദ്ധതി ആരംഭിച്ചിട്ട് ഒരുവർഷം. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. എസ്.എ.ടിയിൽ ഒരുമാസം ശരാശരി 600 പ്രസവങ്ങളാണ് നടക്കുന്നത്. ഇത്തരത്തിൽ ഒരുവർഷത്തിനിടെ 7000ലേറെ പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി. പ്രസവസമയത്ത് ഗർഭിണികൾ ആശങ്കാകുലരായിരിക്കുമെന്നും അമ്മയോ സഹോദരിയോ സമീപത്തുള്ളത് വലിയൊരു ആശ്വാസമായിരിക്കുമെന്നും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജമോൾ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ ഏത് ബന്ധുവാണ് ഒപ്പമിരിക്കേണ്ടതെന്ന് ഗർഭിണിക്ക് തീരുമാനിക്കാം. ഇവർക്ക് രണ്ടുപേർക്കും പ്രസവത്തിൽ ഉണ്ടായേക്കാവുന്ന സങ്കീർണതകളെക്കുറിച്ച് ക്ലാസ് നൽകും. ചികിത്സയിൽ ഉണ്ടാവുന്ന സംശയങ്ങൾ ചോദിച്ച് മനസിലാക്കാനും ഗർഭിണിക്ക് വേണ്ട കാര്യങ്ങൾ ഡോക്ടറെ അറിയിക്കാനും ആത്മവിശ്വാസം നൽകാനും കൂട്ടിരിക്കുന്ന ബന്ധുവിന് സാധിക്കും. എസ്.എ.ടിയിലെ പ്രസവങ്ങളുടെ എണ്ണം കൂടുതലായതിനാൽ, സ്ഥലപരിമിതി കൊണ്ട് ഒരാളെ മാത്രമേ അനുവദിക്കാൻ സാധിക്കു.

പദ്ധതി മികച്ച രീതിയിലെന്ന് മന്ത്രി വീണാ ജോർജ്

അമ്മയ്ക്കൊരു കൂട്ട് പദ്ധതി മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷന് ആശുപത്രി അടുത്തിടെ അർഹത നേടിയിരുന്നു. പദ്ധതിയിലൂടെ മാതൃശിശുമരണ നിരക്ക് കുറച്ച് ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം ഉറപ്പുവരുത്തിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.പ്രസവം കഴിഞ്ഞ് അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും ആശുപത്രി നടപ്പിലാക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു,ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സുജമോൾ, നോഡൽ ഓഫീസർ ഡോ.ജയശ്രീ വാമൻ, ചീഫ് നഴ്സിംഗ് ഓഫീസർ അമ്പിളി ഭാസ്‌കരൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

Advertisement
Advertisement