നീറ്റ് പരീക്ഷ തീരുംമുമ്പേ ചോദ്യപേപ്പർ പുറത്ത്, ചോർച്ച അല്ലെന്ന് എൻ.ടി.എ

Monday 06 May 2024 12:00 AM IST

ന്യൂഡൽഹി/തിരുവനന്തപുരം: മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഇന്നലെ നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം.പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് രാജസ്ഥാനിൽ സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ടത്.

ഉച്ചയ്ക്ക് 2 മുതൽ 5.20 വരെയായിരുന്നു പരീക്ഷ. വൈകിട്ട് 4.15നാണ് സമൂഹമാദ്ധ്യമത്തിൽ ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ടത്. ചോർച്ചയല്ലെന്ന് എൻ.ടി.എ അവകാശപ്പെട്ടു.

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള മാൻടൗൺ ആദർശ് വിദ്യ മന്ദിർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹിന്ദി മീഡിയം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകൾ മാറി നൽകിയിരുന്നു. ഇൻവിജിലേറ്റർ പിശക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ചില വിദ്യാർത്ഥികൾ പ്രതിഷേധിച്ച് ചോദ്യപേപ്പറുമായി ഇറങ്ങിപ്പോയെന്നാണ് എൻ.ടി.എ പറയുന്നത്.

ചട്ടപ്രകാരം പരീക്ഷയ്ക്കുശേഷമേ പുറത്തിറങ്ങാൻ അനുവദിക്കൂ. സവായ്‌മധോപൂരിൽ വിദ്യാർത്ഥികൾ ഹാളിന് പുറത്തിറങ്ങി വൈകുന്നേരം 4 മണിയോടെ ചോദ്യപേപ്പർ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു. അപ്പോൾ പരീക്ഷ പുരോഗമിക്കുകയായിരുന്നുവെന്നും അതിനാൽ ചോദ്യപേപ്പർ ചോർച്ച നടന്നില്ലെന്നുമാണ് എൻ.ടി.എ വിശദീകരണം.

ഒരു ലക്ഷത്തോളമുള്ള എം.ബി.ബി.എസ് സീറ്റിനായി ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി 24 ലക്ഷത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.

Advertisement
Advertisement