പൂഞ്ച് ആക്രമണം: ഭീകര‌ർക്കായി തെരച്ചിൽ തുടരുന്നു

Monday 06 May 2024 12:14 AM IST

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പൂഞ്ചിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത ഓപ്പറേഷൻ തുടരുന്നു. നിരവധി പ്രദേശവാസികളെ സൈന്യം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യും. ജമ്മു എ.ഡി. ജി. പി ആനന്ദ് ജെയിൻ, കരസേനയിലെയും രഹസ്യാന്വേഷണ ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ആക്രമണം നടന്ന സ്ഥലം സന്ദർശിച്ചു. ഹെലികോപ്ടർ നിരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ആക്രമണത്തിന് ശേഷം ഭീകരർ വനത്തിനുള്ളിലേക്ക് പോയെന്നാണ് കരുതുന്നത്. ഷാസിതാർ, ഗുർസായ്, സനായി, ഷീന്ദര ടോപ്പ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ സൈന്യം വളഞ്ഞിട്ടുണ്ട്. ഭീകരർ എ.കെ റൈഫിളുകളും യു.എസ് നിർമ്മിത ആയുധങ്ങളും ഉപയോഗിച്ചിരുന്നു.

കഴിഞ്ഞ ഡിസംബർ 21ന് പൂഞ്ചിൽ നാല് സൈനികർ വീരമൃത്യു വരിച്ച ആക്രമണം നടത്തിയ ഭീകരസംഘത്തിന് ഈ ആക്രമണത്തിലും പങ്കുണ്ടെന്ന് സംശയിക്കുന്നു. വ്യോമസേനാംഗങ്ങളുമായി വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഭീകരർ വെടി വച്ചത്. വ്യോമസേനാംഗമായ കോർപ്പറൽ വിക്കി പഹാഡെ ചികിത്സയ്ക്കിടെ വീരമൃത്യു വരിച്ചു. നാല് പേർ ഉധംപൂരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ആക്രമണം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കൂടുതൽ സൈനികരെ എത്തിച്ച് സുരക്ഷ ശക്തമാക്കി. മേയ് 25നാണ് തിരഞ്ഞെടുപ്പ്.

വീട്ടിലേക്ക് പോകാനിരിക്കെ

നാളെ മകന്റെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് പോകാനിരിക്കെയാണ് കോർപ്പറൽ വിക്കി പഹാഡെ വീരമൃത്യു വരിച്ചത്. മദ്ധ്യപ്രദേശിലെ ചിന്ദ്വാര സ്വദേശിയാണ്. ഭാര്യയും അഞ്ച് വയസുള്ള മകനുമുണ്ട്. രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച കോർപറൽ വിക്കി പഹാഡെയെ എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയും സേനയും അഭിവാദ്യം ചെയ്യുന്നതായി വ്യോമസേന അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നതായും ദു:ഖകരമായ ഈ സമയത്ത് അവരോടൊപ്പം നിൽക്കുന്നുവെന്നും വ്യോമസേന എക്സിൽ കുറിച്ചു.

 
Advertisement
Advertisement