ഇപ്പോഴും വേദന, ആ ദിവസം മറക്കില്ല, കുട്ടികളെ എങ്ങനെ പരിഗണിക്കുന്നു എന്നത് പ്രധാനം: ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Monday 06 May 2024 12:18 AM IST

കാഠ്മണ്ഡു: കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നത് അവരിൽ ജീവിതകാലം മുഴുവൻ ആഴത്തിൽ സ്വാധീനമുണ്ടാക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സ്‌കൂളിൽ അദ്ധ്യാപകരിൽ നിന്നേൽക്കേണ്ടിവന്ന ശിക്ഷകൾ ഇപ്പോഴും തന്നോടൊപ്പമുണ്ടെന്ന് നിസാരകാര്യത്തിന് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നേപ്പാൾ സുപ്രീം കോടതിയിൽ നടന്ന ജുവനൈൽ ജസ്റ്റിസ് ദേശീയ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ നിങ്ങൾ എങ്ങനെ പരിഗണിച്ചു എന്നത് ജീവിതകാലം മുഴവൻ അവരുടെ ഉള്ളിലുണ്ടാകും. ഞാൻ അനുസരണയില്ലാത്ത കുട്ടിയായിരുന്നില്ല. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ

ക്രാഫ്റ്റ് വർക്കിന് ആവശ്യമായ സൂചി കൊണ്ടുവരാത്തതായിരുന്നു എന്റെ കൈയിൽ വടികൊണ്ട് അടിക്കാനുള്ള കാരണം. കൈയിൽ അടിക്കരുതെന്നും പിന്നിലടിച്ചോളൂ എന്നും ഞാൻ അപേക്ഷിക്കുന്നത് ഇന്നും ഓർമ്മയിലുണ്ട്. പറയാനുള്ള നാണക്കേട് കാരണം പത്ത് ദിവസം മാതാപിതാക്കളിൽ നിന്ന് വലതുകൈ മറച്ചുപിടിക്കേണ്ടിവന്നു.

ശാരീരിക മുറിവ് മാറി. എന്നാൽ മനസ്സിനേറ്റ മുറിവ് മാറിയില്ല. അത്തരം പരിഹാസങ്ങൾ വലിയ ആഘാതമാണ്. ജോലി ചെയ്യുമ്പോൾ അതിപ്പോഴും എന്റെ കൂടെയുണ്ട്. കുട്ടികൾക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നിയമപരമായ തർക്കങ്ങളിൽ അകപ്പെട്ട കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നാം തിരിച്ചറിയണം.

നീതിന്യായ വ്യവസ്ഥ അനുകമ്പയോടെ പ്രതികരിക്കുകയും പുനരധിവാസം നൽകുകയും വേണം. കൗമാരത്തിന്റെ ബഹുമുഖ സ്വഭാവവും വിവിധ തലങ്ങളും മനസ്സിലാക്കണം. ഇന്ത്യയിലെ ജുവനൈൽ നിയമങ്ങളുടെ പരിമിതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിരവധി കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടുന്നതിനുള്ള സാമൂഹിക യാഥാർത്ഥ്യങ്ങളും നാം പരിഗണിക്കേണ്ടതുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വിഭവശേഷിയുടെ കുറവും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗ്രാമ പ്രദേശങ്ങളെയാണ്. കൃത്യമായ പരിചരണം കുട്ടികൾക്ക് കിട്ടാതെ പോകുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ നടത്തുന്ന അക്രമങ്ങൾക്കാണ് ജുവനൈൽ നിയമങ്ങളിൽ വരേണ്ട പരിഷ്‌കരണങ്ങളേക്കാൾ ശ്രദ്ധ കിട്ടുന്നത്.

പീഡനത്തിനിരയായി ഗർഭിണിയായ സന്ദർഭത്തിൽ ഗർഭച്ഛിദ്രം ആവശ്യപ്പെട്ട് 14കാരി സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചതെങ്ങനെയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രത്യാഘാതങ്ങൾ ഭയന്ന് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞില്ല. ഗർഭിണിയാണെന്ന് അറിയുന്നതുവരെ സഹിച്ച് ജീവിച്ചു. കുട്ടിയുടെ മാനസിക, ശാരീരിക ആരോഗ്യം പരിഗണിച്ച് കോടതി ഗർഭച്ഛിദ്രത്തിന് അനുമതി നൽകുകയായിരുന്നു.

Advertisement
Advertisement