റായ്ബറേലിയിലും അമേതിയിലും പ്രചാരണം നയിക്കാൻ പ്രിയങ്ക

Monday 06 May 2024 1:44 AM IST

റായ്ബറേലി: കോൺഗ്രസിന്റെ അഭിമാന മണ്ഡലങ്ങളായ യു.പിയിലെ അമേതിയിലും റായ്ബറേലിയിലും പ്രിയങ്ക ഗാന്ധി പ്രചാരണം നയിക്കും. പ്രിയങ്കയുടെ സജീവ സാന്നിദ്ധ്യം അമേതിയിലും റായ്ബറേലിയിലും കോൺഗ്രസിന്റെ വിജയത്തിന് സഹായിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

സോണിയ ഗാന്ധിയുടെ സ്ഥിരം മണ്ഡലമായിരുന്ന റായ്ബറേലിയിൽ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനായി ഇക്കുറി രംഗത്തിറങ്ങുന്നത്. അമേതിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയാണ് സ്ഥാനാർത്ഥി. രണ്ടു മണ്ഡലങ്ങളിലും ഇതിനകം പ്രചാരണത്തിലുള്ള പ്രിയങ്ക ഇന്നു മുതൽ കൂടുതൽ സജീവമാകും. പ്രചാരണത്തിന്റെ അവസാനഘട്ടംവരെ പ്രിയങ്ക അമേതിയിലും റായ്ബറേലിയിലും തമ്പടിക്കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് യോഗങ്ങൾക്ക് പുറമെ ഗൃഹസന്ദർശനങ്ങളിലും പ്രിയങ്ക ശ്രദ്ധേകേന്ദ്രീകരിക്കും.

രാഹുൽ ഗാന്ധിക്ക് രാജ്യത്തെ മറ്റിടങ്ങളിൽ പ്രചാരണമുള്ളതും അമേതിയും റായ്‌ബറേലിയും കേന്ദ്രീകരിച്ച് പ്രചാരണത്തിൽ മുഴുകാൻ പ്രിയങ്കയെ പ്രേരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ,​ ഭൂപേഷ് ബാഗൽ,​ സച്ചിൻ പൈലറ്റ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആസൂത്രണത്തിലും സമയക്രമം നിശ്ചയിക്കുന്നതിലും പ്രിയങ്ക മേൽനോട്ടം വഹിക്കും.

Advertisement
Advertisement