മാന്നാറിലെ സാമ്പത്തിക തട്ടിപ്പ് : രണ്ട് സ്ത്രീകൾ കസ്റ്റഡിയിലെന്ന് സൂചന 

Monday 06 May 2024 1:55 AM IST

മാന്നാർ : മാന്നാറിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ രണ്ട് സ്ത്രീകൾ പൊലീസ് കസ്റ്റഡിയിലായതായി സൂചന. മുൻ പഞ്ചായത്തംഗമടക്കമാണ് കസ്റ്റഡിയിലുള്ളതെന്നാണറിയുന്നത്.

തട്ടിപ്പിനിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശ പ്രകാരം വീയപുരം സി.ഐ ധർമ്മജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം തട്ടിപ്പ് സംഘത്തിൽപ്പെട്ടവരുടെ വീടുകളിൽ പൊലീസ് എത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത ശ്രീദേവിയമ്മയുടെ പക്കൽ നിന്നും പലപ്പോഴായി 40 പവനോളം സ്വർണാഭരണങ്ങളും 65 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മുദ്രപ്പത്രത്തിൽ ഒപ്പിട്ട കരാർ രേഖയായുണ്ട്. മരണത്തിനു മുമ്പായി ശ്രീദേവിയമ്മ മാന്നാർ പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ചുമതല വീയപുരം പൊലീസിന് കൈമാറുകയാണുണ്ടായത്. ശ്രീദേവിയമ്മയുടെ മരണശേഷമാണ് കൂടുതൽ പേർ പരാതിയുമായി എത്തിയത്.

സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണത്തിന് പുറമെ അമ്മയുടെ മരണകാരണവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീദേവിയമ്മയുടെ മകൾ ശ്രീജാദേവി എസ്.പിക്ക് പരാതി നൽകിയിരുന്നു. അർദ്ധസൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതിൽ എ.സി ശിവൻപിള്ള, വത്സലാ ഭവനിൽ ടി.എൻ വത്സലാകുമാരി, നേരൂർപടിഞ്ഞാറ് രമണി അയ്യപ്പൻ, ശാന്തമ്മ എന്നിവരും എസ്.പിക്ക് പരാതി നൽകി. പണവും സ്വർണ്ണവും ഉൾപ്പെടെ മൂന്നു കോടിയോളം രൂപ പലരിൽ നിന്നായി തട്ടിയെടുത്തതായാണ് സംശയം.

Advertisement
Advertisement