അത്ര സിംപിളല്ലാത്ത ആഡംബര ഓംലെറ്റ് !

Monday 06 May 2024 7:16 AM IST

ന്യൂയോർക്ക്: വിശപ്പിനെ വിരട്ടിയോടിക്കാൻ നാം പലപ്പോഴും ഓംലെറ്റിന്റെ സഹായം തേടാറുണ്ട്. മുട്ട കൊണ്ടുള്ള സിംപിൾ ആൻഡ് ഹമ്പിളായ ഓംലെറ്റ് ഒട്ടുമിക്ക പേർക്കും തയ്യാറാക്കാൻ അറിയാവുന്ന വിഭവങ്ങളിലൊന്നുമാണ്. എന്നാൽ ഓംലെറ്റിന്റെ കൂട്ടത്തിലുമുണ്ട് വി.ഐ.പികൾ.

ലോകത്തെ ഏറ്റവും വിലയേറിയ ഓംലെറ്റ് ഏതാണെന്ന് അറിയാമോ. 1,000 ഡോളർ ( ഏകദേശം 83,500 രൂപ ) വിലയുള്ള ' സില്ലിയൻ ഡോളർ ലോബ്‌സ്റ്റർ ഫ്രിറ്റാറ്റ ' ആണത്. യു.എസിലെ ന്യൂയോർക്കിലുള്ള ലേ പാർക്കർ മെറിഡിയൻ ഹോട്ടലിലെ നോർമാസ് റെസ്റ്റോറന്റിൽ 2004ലാണ് ആദ്യമായി ഈ ഓംലെറ്റിനെ അവതരിപ്പിച്ചത്.

280 ഗ്രാം കാവിയർ, അര കിലോ ലോബ്‌സ്റ്റർ ( കൊഞ്ച് ), ആറ് മുട്ട, ക്രീം, ചൈവ്, ലോബ്‌സ്റ്റർ സോസ്, ഫ്രൈ ചെയ്തെടുത്ത യൂകോൺ ഗോൾഡ് ഇനത്തിലെ ഉരുളക്കിഴങ്ങുകൾ തുടങ്ങിയവയാണ് ഈ ഓംലെറ്റിലെ ചേരുവകൾ. വിലക്കൂടുതൽ കൊണ്ട് വർഷത്തിൽ വിരലിലെണ്ണാവുന്ന സില്ലിയൻ ഡോളർ ലോബ്‌സ്റ്റർ ഫ്രിറ്റാറ്റകൾ മാത്രമാണ് വിൽക്കുന്നത്.

ഇത്രയും ഉയർന്ന തുക നൽകി ഈ ഓംലെറ്റ് ആസ്വദിക്കാൻ കഴിയാത്തവർക്കായി ഏകദേശം 210 ഡോളറിന് ഇതിന്റെ ' അഫോർഡബിൾ' വേർഷനും അവതരിപ്പിച്ചിരുന്നു. കാവിയറിന്റെ അളവ് തീരെ കുറവായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ' റെഗുലർ ഫ്രിറ്റാറ്റ' എന്ന പേരിൽ 100 ഡോളറിന്റെ ചെറിയ പതിപ്പും വില്പനയ്‌ക്കെത്തിയിരുന്നു.

Advertisement
Advertisement