1,380 അടി ആഴം, ഞെട്ടിച്ച് ഭീമൻ ബ്ലൂ ഹോൾ

Monday 06 May 2024 7:16 AM IST

ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള മറൈൻ സിങ്ക്ഹോൾ അഥവാ ബ്ലൂ ഹോൾ മെക്സിക്കോയിലെ യൂകാട്ടൻ ഉപദ്വീപിന് സമീപമുള്ള കടലിലാണെന്ന് ഗവേഷകർ. അറ്റം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത ' ടാം ജ ബ്ലൂ ഹോൾ ' ആണത്രേ അത്. കുറഞ്ഞത് 1,380 അടിയെങ്കിലും ആഴം ഈ ഭീമൻ ബ്ലൂ ഹോളിനുണ്ടെന്ന് കരുതുന്നു.

കടലിൽ അടിത്തട്ടിൽ കാണപ്പെടുന്ന ഭീമൻ കുഴികളെയോ കുത്തനെയുള്ള ഗുഹകളെയോ ആണ് ബ്ലൂ ഹോളുകൾ എന്ന് പറയുന്നത്. നൂറുകണക്കിന് അടി ആഴമുള്ള ഇവ വ്യത്യസ്തമായ നീല നിറത്താലാണ് തിരിച്ചറിയുന്നത്. തെക്കൻ ചൈന കടലിൽ സ്ഥിതി ചെയ്യുന്ന ഡ്രാഗൺ ഹോളിനെയാണ് ലോകത്തെ ആഴമേറിയ ബ്ലൂ ഹോളായി ഇതുവരെ കണക്കാക്കിയിരുന്നത്.

987 അടിയാണ് ഡ്രാഗൺ ഹോളിന്റെ ആഴം. ബഹമാസ് തീരത്തെ ഡീൻസ്, ഈജിപ്റ്റിലെ ദഹാബ്, ബെലീസിലെ ഗ്രേറ്റ് ബ്ലൂ ഹോൾ തുടങ്ങിയവയാണ് ലോകത്തെ മറ്റ് പ്രധാന ബ്ലൂ ഹോളുകൾ.

2023 ഡിസംബറിൽ ടാം ജ ബ്ലൂ ഹോളിലെ സാഹചര്യങ്ങൾ കണ്ടെത്താൻ ഒരു സ്കൂബാ ഡൈവിംഗ് പര്യവേക്ഷണം നടത്തിയെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു ശാസ്ത്ര ജേർണലിൽ ഗവേഷകർ പറയുന്നു. ഇതിലൂടെയാണ് ടാം ജ ബ്ലൂ ഹോൾ ലോകത്തെ ഏറ്റവും വലുതാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന്റെ അടിത്തട്ടിലേക്ക് ആർക്കും എത്താനായിട്ടില്ല. ഏകദേശം 500 അടിയോളം വ്യാസം ടാം ജ ബ്ലൂ ഹോളിന്റെ വൃത്താകൃതിയിലെ മുകൾഭാഗത്തിനുണ്ട്.

ടാം ജ ബ്ലൂ ഹോളിന് താഴെ വ്യത്യസ്ത പാളികളുണ്ടെന്ന് കരുതുന്നു. 1,312 അടി താഴെയുള്ള പാളിയിൽ കരീബിയൻ കടലിന് സമാനമായ താപനിലയും ലവണാംശവുമാണുള്ളത്. ടാം ജ ബ്ലൂ ഹോളിൽ നിന്ന് ടണലുകളുടെയും ഗുഹകളുടെയും ഒരു ശൃംഖല കടലുമായി ബന്ധപ്പെട്ട് കിടക്കുന്നതായും കരുതുന്നു.

Advertisement
Advertisement