ഭൂപട വിവാദം.... നേപ്പാളിന്റെ നീക്കം ഏകപക്ഷീയം: ജയശങ്കർ

Monday 06 May 2024 7:16 AM IST

ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങൾ അടങ്ങുന്ന ഭൂപടം ഉൾക്കൊള്ളുന്ന പുതിയ 100 രൂപ നോട്ട് അച്ചടിക്കാനുള്ള നേപ്പാളിന്റെ തീരുമാനത്തിനെതിരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. നേപ്പാളിന്റെ നീക്കം ഏകപക്ഷീയവും ന്യായീകരണമില്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം വിശദമായി പരിശോധിച്ചു വരികയാണ്. അതിർത്തി കാര്യങ്ങളെക്കുറിച്ച് നേപ്പാളുമായി ഔദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട്. ഇതിനിടെയിൽ അവരുടെ ഭാഗത്ത് നിന്ന് ഏകപക്ഷീയമായി ചില നടപടികൾ സ്വീകരിച്ചു. എന്നാൽ അതുകൊണ്ട് നിജസ്ഥിതിയിലോ യഥാർത്ഥ വസ്തുതകളിലോ മാറ്റമുണ്ടാകാൻ പോകുന്നില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

ഇന്ത്യയുമായി തർക്കം നിലനിൽക്കുന്ന കാലാപാനി, ലിപുലെക്, ലിംപിയാദുര എന്നിവ അടങ്ങുന്ന ഭൂപടം ഉൾക്കൊള്ളുന്ന കറൻസിയാണ് നേപ്പാൾ പുറത്തിറക്കുക. ഈ മേഖലകളെ ഉൾക്കൊള്ളിച്ചുള്ള രാഷ്ട്രീയ ഭൂപടം 2020ൽ നേപ്പൾ പുറത്തിറക്കിയത് വിവാദമായിരുന്നു. സിക്കിം,​ പശ്ചിമ ബംഗാൾ,​ ബീഹാർ,​ ഉത്തർ പ്രദേശ്,​ ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി ഇന്ത്യയുമായി 1,850 കിലോമീറ്ററിലേറെ അതിർത്തി നേപ്പാൾ പങ്കിടുന്നുണ്ട്.

Advertisement
Advertisement