ഇസ്രയേലിൽ അൽ ജസീറയ്ക്ക് വിലക്ക്

Monday 06 May 2024 7:16 AM IST

ടെൽ അവീവ്: ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ ചാനലിന് ഇസ്രയേലിൽ വിലക്ക്. വിലക്ക് പ്രാബല്യത്തിൽ വന്നു. ഉത്തരവ് ഓരോ 45 ദിവസം കൂടുമ്പോഴും പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. ഇസ്രയേലിലെ അൽ ജസീറ ഓഫീസുകൾ അടയ്ക്കും. വെബ്‌സൈറ്റിന് രാജ്യത്ത് നിയന്ത്രണം വരും. ഉപകരണങ്ങൾ പിടിച്ചെടുക്കാനും സർക്കാരിന് അധികാരമുണ്ട്. നടപടിയെ അൽ ജസീറ അപലപിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് തോന്നുന്ന വിദേശ മാദ്ധ്യമങ്ങളെ വിലക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമം കഴിഞ്ഞ മാസം ഇസ്രയേൽ പാർലമെന്റിൽ പാസായിരുന്നു. ഗാസ യുദ്ധവാർത്തകൾ പുറത്തെത്തിക്കുന്ന പ്രധാന മാദ്ധ്യമങ്ങളിലൊന്നാണ് അൽ ജസീറ. എന്നാൽ അൽ ജസീറയുടേത് ഇസ്രയേൽ വിരുദ്ധ നിലപാടുകളാണെന്ന് വർഷങ്ങളായി ഇസ്രയേൽ ഭരണകൂടം ആരോപിക്കുന്നു. അൽ ജസീറയ്ക്ക് ഹമാസുമായി ബന്ധമുണ്ടെന്നും ഇസ്രയേൽ വാദിക്കുന്നു. ഗാസയിലെ ആക്രമണത്തിനിടെ അൽ ജസീറ ബ്യൂറോ ചീഫിന്റെ മകൻ അടക്കം നിരവധി മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.

 കേരെം ഷാലോം അതിർത്തി അടച്ച് ഇസ്രയേൽ

ടെൽ അവീവ്: തെക്കൻ ഗാസയ്ക്കും ഇസ്രയേലിനും ഇടയിലെ കേരെം ഷാലോം അതിർത്തി ഇസ്രയേൽ അടച്ചു. ഇവിടേക്ക് തെക്കൻ ഗാസയിലെ റാഫയിൽ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ ഇസ്രയേൽ ഇതുവഴി കടത്തിവിട്ടിരുന്നു. അതേ സമയം, മേഖലയിലെ ഇസ്രയേൽ സൈനിക ബേസിനെയാണ് ലക്ഷ്യമിട്ടതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസ് പ്രതികരിച്ചു.

Advertisement
Advertisement