ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; കേരളത്തിൽ മികച്ച വിജയം

Monday 06 May 2024 11:42 AM IST

ന്യൂഡൽഹി: ഐസിഎസ്‌‌ഇ (ക്ളാസ് പത്ത്), ഐഎസ്‌സി (ക്ളാസ് 12) പരീക്ഷാഫലം ദി കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കേറ്റ് എക്‌സാമിനേഷൻസ് (സിഐഎസ്‌സിഇ) പ്രസിദ്ധീകരിച്ചു. പത്താം ക്ളാസിൽ 99.47 ശതമാനമാണ് വിജയം. 98.19 ആണ് പന്ത്രണ്ടാം ക്ളാസിലെ വിജയശതമാനം. കേരളത്തിൽ മികച്ച വിജയമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസിൽ 99.99 ഉം പന്ത്രണ്ടാം ക്ളാസിൽ 99.93 ഉം ആണ് വിജയശതമാനം.

ബോ‌ർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, കരിയേഴ്‌സ് പോർട്ടൽ, ഡിജിലോക്കർ എന്നിവയിലൂടെ ഫലം അറിയാം. യുണീക് ഐഡീയും ഇൻഡക്‌സ് നമ്പറും നൽകിയാണ് ഫലം അറിയുന്നത്. ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലായിൽ നടക്കുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. പരീക്ഷാഫലം റീ-ചെക്ക് ചെയ്യാനും റീ-ഇവാല്യുവേഷൻ ചെയ്യാനും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. റീ-ചെക്കിംഗിന് ഓരോ പേപ്പറിനും 1000 രൂപയാണ് അപേക്ഷാഫീസ്. റീ-ഇവാല്യുവേഷന് ഓരോ പേപ്പറിനും 1,500 രൂപയാണ് അപേക്ഷാഫീസ്.

പത്താം ക്ളാസ് ഐസിഎസ്‌‌ഇ പരീക്ഷയിൽ പെൺകുട്ടികളാണ് കൂടുതൽ സ്‌കോർ ചെയ്തത്. 99.65 ശതമാനമാണ് പെൺകുട്ടികളുടെ വിജയനിരക്ക്. ആൺകുട്ടികളുടേത് 99.31 ആണ്. ഐഎസ്‌സി പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ പെൺകുട്ടികളുടേത് 98.92 ശതമാനവും ആൺകുട്ടികളുടേത് 97.53 ശതമാനവുമാണ് വിജയനിരക്ക്.

Advertisement
Advertisement