പുഞ്ചക്കൊയ്ത്ത് പൂർത്തിയായി, പണത്തിനായി കാത്തിരിപ്പ്

Tuesday 07 May 2024 12:52 AM IST

കോട്ടയം : പുഞ്ചക്കൊയ്ത്ത് പൂർത്തിയായിട്ടും രണ്ടുമാസം മുമ്പ് സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ കർഷകർ വലയുന്നു. കർഷകരുടെ കൈവശമുള്ള പാഡി രസീത് എസ്.ബി.ഐ അധികൃതർ വാങ്ങാതെ കൈമലർത്തുകയാണെന്നാണ് പരാതി. ജീവനക്കാർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയതാണ് പണം വൈകാനുള്ള കാരണമായി പാഡി ഓഫീസിൽ നിന്നുള്ള വിശദീകരണം. പതിനയ്യായിരത്തിലേറെ കർഷകരിൽ നിന്ന് 53000 ടൺ നെല്ലാണ് സംഭരിച്ചത്. പഴുക്കാ നിലംഭാഗത്ത് പായലും പോളയും നിറഞ്ഞ് കിടക്കുന്നതിനാൽ പതിനായിരം നെല്ല് കരയ്ക്ക് എത്തിക്കിനായിട്ടില്ല. വേനൽ മഴ ശക്തമായാൽ നെല്ല് നശിക്കുമെന്ന ഭീതിയിലാണ് കർഷകർ. എസ്.ബി.ഐ , കാനറാ ബാങ്കുകളെയാണ് സംഭരിച്ച നെല്ലിന് സപ്ലൈക്കോ നൽകുന്ന പി.ആർ.എസ് അനുസരിച്ച് പണം നൽകാൻ സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. കർഷകർക്ക് അക്കൗണ്ടുള്ള ബാങ്കിലേ പണം ലഭിക്കൂ. കാനറാ ബാങ്കിൽ അക്കൗണ്ടുള്ളവരുടെ പി.ആർ.എസ് വാങ്ങുന്നുണ്ട്. എന്നാൽ കൂടുതൽ കർഷകർക്കും എസ്.ബി.ഐയിലാണ് അക്കൗണ്ടുള്ളത്.

ചതിച്ചത് സർക്കാരെന്ന് കർഷകർ‌

സർക്കാർ ഫണ്ട് ബാങ്കിൽ എത്താത്തതാണ് പണം വൈകാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വെള്ളം കയറ്റി അടുത്ത കൃഷിയ്ക്ക് നിലം ഒരുക്കേണ്ട സമയമാണ്. ഈ പണം കിട്ടിയിട്ട് വേണം ഇത് ആരംഭിക്കാനാകൂ. പാടം തരിശിട്ടാൽ കളയും മറ്റും വളർന്ന് ചെലവ് കൂടും. അടുത്ത കൃഷി വൈകാനും കാരണമാകും. സംഭരിച്ചനെല്ലിന്റെ വില കിട്ടാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് സപ്ലൈകോ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് രാഷ്ടീയ കാര്യസമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു

''

സംഭരിച്ച നെല്ലിന്റെ പണം അക്കൗണ്ടിൽ എത്താത്തത് സ്ഥിരം പ്രശ്നമാണ്. ആവശ്യമായ പണം ബഡ്ജറ്റിൽ ഉൾപ്പെടുത്തിയുള്ള ശാശ്വത പരിഹാരമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്.

പൊന്നപ്പൻ കുമരകം (നെൽകർഷകൻ)

സംഭരിച്ചത് : 53000 ടൺ നെല്ല്

Advertisement
Advertisement