തടികേടാക്കാൻ തട്ടുകടകൾ, വടിയെടുത്ത് പാലാ നഗരസഭ

Tuesday 07 May 2024 12:04 AM IST

പാലാ : കരിഓയിൽ തോറ്റുപോകും ഈ കറുപ്പിന് മുമ്പിൽ. എന്താന്നല്ലേ... കൊതിയൂറുന്ന ചിക്കൻ തിളച്ചുപൊന്തുന്ന എണ്ണയെപ്പറ്റിയാണ് പറഞ്ഞത്. ഇത് പാലാ നഗരത്തിന്റെ ഒത്തനടുക്കുള്ള തട്ടുകടയിലെ അനുഭവമാണ്. ഭക്ഷണപ്രിയരെ നിത്യരോഗികളാക്കാൻ ഇതുതന്നെ ധാരാളം. നഗരത്തിലെ പല തട്ടുകടകളിലും വൃത്തി ഏഴയലത്ത് പോലുമില്ല. വൃത്തിഹീനമായ ചുറ്റുപാടിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നതോടെ നഗരസഭയും ഉണർന്നു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ തട്ടുകടകളും ഉടൻ അടച്ചുപൂട്ടിക്കുമെന്ന് നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ ''കേരള കൗമുദി''യോട് പറഞ്ഞു. ടൗണിലെ വിവിധ കേന്ദ്രങ്ങളിലായി അടുത്ത കാലത്ത് പത്തോളം തട്ടുകടകളാണ് മുളച്ച് പൊന്തിയത്. മുമ്പുണ്ടായിരുന്ന ചില തട്ടുകടകൾ ലാഭത്തിൽ മറിച്ചുവിറ്റ വിരുതന്മാരുമുണ്ട്. കിഴതടിയൂർ ബൈപ്പാസിലും, അരുണാപുരത്തും, രാമപുരം റൂട്ടിലുമുള്ള ചില തട്ടുകടകളെക്കുറിച്ച് വ്യാപകമായ പരാതിയായിരുന്നു. പല തട്ടുകടകളും അന്യസംസ്ഥാന തൊഴിലാളികളാണ് നടത്തുന്നത്.

ഇവിടെയൊന്നും പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാവകുപ്പും തയ്യാറാകുന്നില്ല.

വില തോന്നുംപടി, വൃത്തി ഏഴയലത്തില്ല
കൃത്യമായ വിലവിവരമോ വില ഏകീകരണമോ, അത് പ്രദർശിപ്പിക്കുന്ന ബോർഡോ ഒരിടത്തുമില്ല. രാമപുരം റൂട്ടിൽ നാലുചക്രവണ്ടിയിൽ രൂപപ്പെടുത്തിയ ഒരു തട്ടുകടയിൽ എപ്പോഴും തിരക്കാണ്. ഒപ്പം പ്രവർത്തിക്കുന്ന ബജ്ജികടയിലും തരാതരം പോലെയാണ് വില. ഇതിനപ്പുറത്തായി കരിക്ക് - കരിമ്പിൻ ജ്യൂസ് കടയുമുണ്ട്. ഇതാകട്ടെ ബംഗാളി യുവാവാണ് നടത്തുന്നത്. കരിക്കിന് 60 രൂപ വരെയും. കരിമ്പിൻ ജ്യൂസ് ഒരു ഗ്ലാസിന് 50 രൂപയും ഈടാക്കുന്നു. മലിനജലവും കക്കൂസ് മാലിന്യവും നിറഞ്ഞ അവസ്ഥയിലാണ് നഗരത്തിലെ ഓടകളിൽ പലതും. ഈ ഓടകൾക്ക് മുകളിലാണ് ഭൂരിഭാഗം തട്ടുകളുടെയും പ്രവർത്തനം. കടുത്ത ദുർഗന്ധവും ഈച്ച പറക്കുന്ന സാഹചര്യമുണ്ട്. റോഡിലെ പൊടിമുഴുവൻ ഈ പലഹാരങ്ങളിലാണ് വന്നടിയുന്നത്. ശുചിത്വത്തിന് അപ്പുറം, തട്ടുകടകളിൽ ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരമില്ലായ്മയാണ് മറ്റൊരു വെല്ലുവിളി.

''ഇന്നലെ അഞ്ച് പേരോട് കടയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പഴിയീടാക്കും. മറ്റ് നിയമനടപടികളും തുടരും. ഇന്നും നാളെയുമായി മറ്റ് തട്ടുകടകളിലും പരിശോധന നടത്തും.

ഷാജു വി. തുരുത്തൻ, നഗരസഭ ചെയർമാൻ

Advertisement
Advertisement