അന്യവീട്ടിൽ യുവതിയുടെ മരണം കൊലപാതകമെന്നുറപ്പിച്ച് പൊലീസ്

Tuesday 07 May 2024 12:14 AM IST

കണ്ണൂർ: പയ്യന്നൂരിലെ അന്നൂരിൽ മാതമംഗലത്തെ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്, കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുമ്പോഴും ആൺസുഹൃത്ത് കൊല്ലപ്പെടുത്തിയതിന് പിന്നിലെ പ്രകോപന കാരണം അവ്യക്തം. ഇവർ തമ്മിൽ പ്രണയ കലഹമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

പഠനകാലത്ത് യുവതിയും ആൺ സുഹൃത്തും അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വെവ്വേറെ ജീവിത സാഹചര്യങ്ങളിലേക്ക് വഴിമാറി. വർഷങ്ങൾക്ക് ശേഷം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് ഇരുവർക്കും അടുക്കാനുള്ള അവസരമൊരുക്കിയത്. ഇത് അനിലയുടെയും സുദർശൻ പ്രസാദിന്റെയും രണ്ടു മക്കൾ വീതമുള്ള കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തി. ഇരുവരുടെയും ബന്ധുക്കൾ ഇടപ്പെട്ട് പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചിരുന്നു. പ്രശ്നത്തെ തുടർന്ന് സുദർശൻ പ്രസാദിന്റെ ഭാര്യ മക്കളെയും കൂട്ടി അകന്ന് താമസിച്ചു. അനില ഭർത്താവിനൊപ്പം പ്രശ്നങ്ങളില്ലാതെ കഴിയുന്നതിൽ സുദർശൻ പ്രസാദിന് അസ്വസ്ഥതയുണ്ടായിരുന്നതായാണ് സൂചന. കൊലപാതക സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.


ജോലിസ്ഥലത്തു നിന്നിറങ്ങി

മരണത്തിലേക്ക്

മാതമംഗലത്തെ ഫർണിച്ചർ വ്യാപാര സ്ഥാപനത്തിൽ ശനിയാഴ്ച ജോലിക്കുപോയ അനില 10 മണിയോടെ സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് പോയതായും പിന്നീട് ആൺസുഹൃത്തിനൊപ്പം ബൈക്കിൽ പയ്യന്നൂർ അന്നൂർ കൊരവയലിലെ വീട്ടിലെത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീടിന്റെ ഉടമസ്ഥർ വിനോദയാത്രയ്ക്ക് പോയപ്പോൾ വീട് നോക്കാൻ സുദർശൻ പ്രസാദിനെ ചുമതലപ്പെടുത്തിയതാണ്. ഈ വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ കൊലപാതകം നടത്തിയതിന്റെ തെളിവുകളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഷാൾ കഴുത്തിൽ കുരുക്കി വീടിന്റെ അടുക്കള ഭാഗത്ത് വച്ചാണ് പ്രതി കൃത്യം നിറവേറ്റിയത്.
പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കൃത്യം നടത്തിയ പ്രതി വീട്ടിൽ നിന്നും മുങ്ങിയ ശേഷം പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കടയിൽ നിന്നും വൈകുന്നേരം മൂന്നരയോടെ കയർ വാങ്ങിയതായി പരിയാരം പൊലീസും കണ്ടെത്തിയിട്ടുണ്ട്. ഈ കയറാണ് തൂങ്ങിമരിക്കാൻ ഉപയോഗിച്ചത്.
അനിലയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി അന്നൂരിലെ വീട്ടിൽനിന്നും എത്ര മണിക്കാണ് പുറത്തേക്ക് പോയതെന്നും കൂടെ ആരെങ്കിലുമുണ്ടായിരുന്നോവെന്നും കണ്ടെത്താൻ പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസ്. കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്കാളിത്തമുണ്ടെന്നാണ് അനിലയുടെ കുടുംബം ആരോപിക്കുന്നത്.


തുടരുന്ന ദുരൂഹത

അനിലയുടെ ഫോൺ വെള്ളോറയിൽ നിന്നാണ് കണ്ടെത്തിയത്. ഇത് അവിടെ എങ്ങനെ എത്തിയെന്നു കണ്ടെത്തേണ്ടതുണ്ട്. അനിലയുടെ മൃതദേഹത്തിലുണ്ടായിരുന്ന ചുരിദാർ ആരുടേതെന്നും വ്യക്തമല്ല. ജോലിക്കായി ഇറങ്ങുമ്പോൾ അനില ധരിച്ചിരുന്ന ചുരിദാറല്ല മൃതദേഹത്തിൽ കണ്ടതെന്നാണ് സഹോദരൻ അനീഷ് പറയുന്നത്. അന്നൂരിലെ വീട്ടിൽ നിന്ന് എടുത്തതാണോയെന്ന് അറിയണമെങ്കിൽ വിനോദയാത്രയ്ക്കു പോയ കുടുംബം തിരിച്ചെത്തണം. മുംബെയിൽ നിന്ന് കപ്പൽ മാർഗം കൊച്ചിയിലേക്കു യാത്ര ചെയ്യുന്ന വീട്ടുകാർ തിരിച്ചെത്തുക ഒമ്പതിനാണ്.

Advertisement
Advertisement