ഓപ്പൺ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് തുടങ്ങും

Tuesday 07 May 2024 12:20 AM IST

പയ്യന്നൂർ: ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവo ഇന്ന് തുടങ്ങും. പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ പ്രദർശനം ആരംഭിക്കും. 4 ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ദിവസം 5 സിനിമകൾ വീതം 20 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. എല്ലാ ചിത്രങ്ങളും മലയാളം സബ് ടൈറ്റലുകളോടെയാണ് പ്രദർശിപ്പിക്കുന്നത്.

വൈകീട്ട് 5ന് ബോളിവുഡിലെ പ്രസിദ്ധ സിനിമാറ്റോഗ്രാഫറും പയ്യന്നൂർ സ്വദേശിയുമായ കെ.യു. മോഹനൻ ഉദ്ഘാടനം നിർവ്വഹിക്കും. ടി.ഐ. മധുസൂദനൻ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. സന്തോഷ് കീഴാറ്റൂർ, ഫിലിം സൊസൈറ്റി ഫെഡറേഷൻ റീജണൽ കൗൺസിൽ അംഗം സി. മോഹനൻ പ്രസംഗിക്കും. പ്രേക്ഷകരുമായുള്ള മുഖാമുഖത്തിൽ സംവിധായകരായ ഷെറി ഗോവിന്ദ്, ടി. ദീപേഷ്, നടൻ സന്തോഷ് കീഴാറ്റൂർ എന്നിവർ സംബന്ധിക്കും.

നാളെ നടക്കുന്ന ഓപ്പൺ ഫോറത്തിന്റെ ഉദ്ഘാടനം എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണൻ നിർവഹിക്കും. 'മലയാള സിനിമയും തിയേറ്ററുകളിലെ ആഘോഷങ്ങളും' എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ പ്രശാന്ത് വിജയ്, പ്രതാപ് ജോസഫ്, സി.പി. ശുഭ എന്നിവർ പങ്കെടുക്കും. ആർ. മുരളീധരൻ മോഡറേറ്ററായിരിക്കും. പ്രതാപ് ജോസഫ്, പ്രശാന്ത് വിജയ് എന്നിവർ പ്രേക്ഷകരുമായി സംവദിക്കും. 9ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ 'ചലച്ചിത്ര ഭാവന: പ്രചരണത്തിനും സൗന്ദര്യത്തിനും ഇടയിൽ' എന്ന വിഷയം പി.കെ. സുരേന്ദ്രൻ അവതരിപ്പിക്കും. കെ.സി. ജിതിൻ, സ്മിതാ പന്ന്യൻ, ഡോ. സുനൈന ഷാഹിദ ഇക്ബാൽ സംസാരിക്കും. ഷൈമ പച്ച മോഡറേറ്ററായിരിക്കും.

10ന് വൈകീട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത മുഖ്യാതിഥിയായിരിക്കും. സംവിധായകൻ മനോജ് കാന, ഷരീഫ് ഈസ, കെ. അർജുൻ സംബന്ധിക്കും.

Advertisement
Advertisement