കാറിൽ അഭ്യാസപ്രകടനം നടത്തിയവർക്ക് ശിക്ഷ ആശുപത്രി സേവനം

Tuesday 07 May 2024 1:15 AM IST

ചാരുംമൂട് : കാറിൽ അപകടകരമായി യാത്ര ചെയ്ത യുവാക്കൾക്ക് സാമൂഹ്യസേവനം ശിക്ഷ നൽകി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് വിവാഹത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന യുവാക്കളുടെ സംഘമാണ് കെ.പി റോഡിൽ ഇന്നോവ കാറിന്റെ ഡോറിൽ ഉൾപ്പെടെ ഇരുന്ന് അപകടയാത്ര നടത്തിയത്.

ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് അന്വേഷണം നടത്തുകയും വാഹനവും ഡ്രൈവറെയും യാത്ര ചെയ്തവരെയും കണ്ടെത്തുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന അൽ ഖാലിദ് ബിൻ സാജിറിന്റെ ലൈസൻസ് റദ്ദാക്കി. രണ്ടായിരം രൂപ പിഴയും ചുമത്തി.

യാത്രക്കാരായ ആദിക്കാട്ടുകുളങ്ങര, ശൂരനാട് സ്വദേശികളായ അഫ്താലി അലി, ബിലാൽ നാസർ, മുഹമ്മദ് നജാദ്, ഫജാസ് എന്നിവർക്കാണ് സാമൂഹ്യസേവനം നിർദ്ദേശിച്ചത്. ഇന്നുമുതൽ നാല് ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും സഹായികളായി നിൽക്കുക, തുടർന്നുള്ള മൂന്നുദിവസം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ആവശ്യമായ സേവനം നൽകുക എന്നിവയാണ് ഇവർക്ക് നൽകിയിരിക്കുന്ന ശിക്ഷ. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എംജി മനോജിന്റേതാണ് നടപടി. ഇന്നോവ ആദിക്കാട്ടുകുളങ്ങരയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നൂറനാട് പൊലീസിന് കൈമാറിയിരുന്നു.

നിയമത്തിലുണ്ട്

പരിഷ്കരിച്ച കേന്ദ്ര മോട്ടോർ നിയമപ്രകാരം, അപകടകരമായ യാത്രയ്ക്ക് ചുമത്തുന്ന ഫൈനിന് പുറമേ കുറ്റക്കാരെ സാമൂഹ്യ സേവനത്തിന് നിയോഗിക്കുന്നതിന് നിർദ്ദേശമുണ്ട്. സാമൂഹ്യസേവനം പൂർത്തിയാക്കി അവിട‌െ നിന്നുള്ള സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പിന് ഹാജരാക്കിയതിനു ശേഷമേ നടപടി പൂർത്തിയാവുകയുള്ളൂ.

മന്ത്രി അഭിനന്ദിച്ചു

അപകടകരമായ രീതിയിൽ യാത്ര ചെയ്ത യുവാക്കളെയും വാഹനവും കണ്ടെത്തുകയും ഇവരെ മാതൃകാപരമായി സാമൂഹ്യസേവനത്തിന് ശിക്ഷിക്കുകയും ചെയ്തതിന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജിനെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറും എം.എസ്.അരുൺ കുമാർ എം.എൽ.എയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

Advertisement
Advertisement