വിനോദ യാത്രയിൽ തട്ടിപ്പ്

Tuesday 07 May 2024 1:15 AM IST

ചാലക്കുടി: വിദേശ രാജ്യങ്ങളിലേയ്ക്കും വിവിധ സംസ്ഥാനങ്ങളിലേയ്ക്കും വിനോദ യാത്ര ആസൂത്രണം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നു. ഇവരുടെ കെണിയിൽപ്പെട്ട് പണം നഷ്ടപ്പെട്ട ആളുകൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങുകയാണ്. രണ്ടു വർഷമായി ചാലക്കുടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിരവധി പേർ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ട്. കോടശ്ശേരി നായരങ്ങാടിയിലെ മുപ്പത് പേർക്ക് ഒരുവർഷം മുമ്പാണ് പത്ത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടത്. തൃശൂരിലെ ഒരു ഏജൻസിയാണ് മലേഷ്യക്ക് വിനോദയാത്ര പരിപാടിയുമായി രംഗത്തെത്തിയത്. ഒരാൾക്ക് 36,000 രൂപയും മുൻകൂർ വാങ്ങി. വിമാന ടിക്കറ്റ് ഉൾപ്പടെ 5 ദിവസത്തെ താമസവും ഭക്ഷണവും ഉൾപ്പെടുന്നതായിരുന്നു ടൂർ പ്രോഗ്രാം.
പിന്നീട് ഒരുവിവരവുമുണ്ടായില്ല. ചാലക്കുടി പൊലീസിൽ നൽകിയ പരാതി പിന്നീട് കോടതിയിലെത്തി. പ്രദേശത്ത്്് ഇതിന് ചുക്കാൻ പിടിച്ചയാൾ ശേഖരിച്ച തുകയുടെ ചെറിയൊരു ഭാഗമുണ്ടായത് എല്ലാവർക്കും വീതിച്ചുനൽകിയിരുന്നു. കൊരട്ടി കോനൂരിൽ 25 പേരാണ് തട്ടിപ്പിൽ കുടുങ്ങിയത്. എറണാകുളത്തെ ഒരു വനിത മുഖാന്തിരം നാൽപ്പതിനായിരം രൂപ ഇവരുടെ പക്കൽ നിന്നും വാങ്ങി. ഡൽഹി മണാലിയിലേയ്ക്കായിരുന്നു യാത്ര തയ്യാറാക്കിയത്.
കൊരട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതി ചെറിയൊരു തുകമാത്രം തിരികെ നൽകി. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. തുമ്പൂരിലെ വിലങ്ങനാട് നടന്ന തട്ടിപ്പിൽ ബലിയാടായത് ഒരു വൈദികനും. ഇദ്ദേഹമാണ് വിനോദ യാത്രയ്ക്കായി നാട്ടുകാരെ സംഘടിപ്പിച്ചത്. പണം നഷ്ടപ്പെട്ടതോടെ വൈദികൻ ആളുകൾക്ക് സ്വന്തം പോക്കറ്റിൽ നിന്നും പണം നൽകി പൊല്ലാപ്പ് ഒഴിവാക്കി. ഇതിലെ പകുതി പണം ഏജൻസി തിരിച്ചുനൽകിയെന്ന്് സ്ഥിരീകരിക്കാനാവത്ത വിവരമുണ്ട്.


പണം നഷ്ടപ്പെട്ട് നാട്ടുകാർ

കോടശ്ശേരിയിൽ മുപ്പത് പേർക്ക് പത്ത് ലക്ഷത്തോളം രൂപ നഷ്ടമായി
കൊരട്ടി കോനൂരിൽ 25 പേർ ഇരയായി
തുമ്പൂരിൽ തട്ടിപ്പിനിരയായി വൈദികൻ

Advertisement
Advertisement