ബ്ലേഡ് പലിശക്കാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപക റെയ്‌ഡ്

Tuesday 07 May 2024 1:14 AM IST

പാലക്കാട്: ജില്ലയിൽ അനധികൃതമായി പണം പലിശയ്ക്കു കൊടുക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി പൊലീസിന്റെ വ്യാപക റെയ്ഡ്. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 66 റെയ്ഡുകളാണ് നടത്തിയത്. ഇതിന്റെ ഭാഗമായി പുതുനഗരം, ആലത്തൂർ, നാട്ടുകൽ സ്റ്റേഷനുകളിൽ ഒരോ കേസ് വീതം രജിസ്റ്റർ ചെയ്തു. അനധികൃത പണമിടപാട് നടത്തിയ മൂന്ന് പേർ അറസ്റ്റിലുമായി. അലനല്ലൂർ പാലക്കാഴി തയ്യിൽ വീട്ടിൽ ഫിർഷാദ്(34),​ എരിമയൂർ എലിയഞ്ചിറയിൽ ഷെരീഫ്(41)​ എന്നിവരാണ് അറസ്റ്റിലായത്. പാസ്‌പോർട്ട്,​ ആർ.സി ബുക്ക്,​ ചെക്ക് ലീഫ്, പ്രൊമിസറി നോട്ടുകൾ, ആധാരം തുടങ്ങിയവയും റെയ്ഡിൽ പിടിച്ചെടുത്തു.

കഞ്ചാവും പിടികൂടി

കൊള്ളപ്പലിശക്കാരെ പിടികൂടാനുള്ള റെയ്ഡിനിടെ കഞ്ചാവും പിടികൂടി. പട്ടാമ്പി പോലീസ് ആണ് റെയ്ഡിനിടെവാലൂർ, പുലിയാല പറമ്പിൽ ശിവന്റെ വീട്ടിൽ നിന്ന് 98 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ജില്ലയിൽ വരും ദിവസങ്ങളിലും ബ്ലേഡ് മാഫിയകൾക്ക് എതിരെ ശക്തമായ റെയ്ഡും നിയമ നടപടികളും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.

ഓപ്പറേഷൻ കബേരയിൽ എരിമയൂർ സ്വദേശി അറസ്റ്റിൽ

ആലത്തൂർ: അനധികൃതമായി പലിശയ്ക്ക് പണം നൽകുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എരിമയൂർ സ്വദേശി വെള്ളമുത്തു എന്ന ഷെരീഫിന്റെ വീട്ടിൽ ആലത്തൂർ സർക്കിൾ ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണൻ, എസ്.ഐ നൈറ്റ്,​ അഡിഷണൽ എസ്.ഐ പ്രദീപ്, നസീർ, സനു, സീനത്ത് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇയാളുടെ എരിമയൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങളും ഒപ്പിട്ട മുദ്രപ്പത്രങ്ങളും തുകയെഴുതാതെ ഒപ്പിട്ട നിരവധി ചെക്കുകളും കണ്ടെടുത്തു. പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കുമെന്നും ബാധിക്കപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

Advertisement
Advertisement