വാവനൂർ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

Tuesday 07 May 2024 1:35 AM IST

പട്ടാമ്പി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൂറ്റനാട് തെക്കേ വാവന്നൂരിൽ ഷെഫീഖിനെ (32) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തി. കാപ്പ നിയമം 15(1)(എ) പ്രകാരം പട്ടാമ്പി താലൂക്ക് പരിധിയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കും. ജില്ലാ പൊലീസ് മേധാവിക്കുവേണ്ടി ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സതീഷ് കുമാർ തുടർ നടപടികൾ സ്വീകരിച്ചു. പാലക്കാട് ജില്ലയിൽ ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലും തൃത്താല എക്‌സൈസ് റേഞ്ചിലും, തൃശൂർ ജില്ലയിലെ കുന്ദംകുളം, ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ദേഹോപദ്രവത്തിനോ കയ്യേറ്റത്തിനോ അന്യായമായ തടസ്സത്തിനോ ഒരുക്കം കൂട്ടിയതിനുശേഷമുള്ള ഭവനഭേദനം, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ കഠിന ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായ നരഹത്യചെയ്യുവാനുള്ള ശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിലും കൂടാതെ എൻ.ഡി.പി.എസ് നിയമത്തിൽ പ്രതിപാദിക്കുന്ന യാതൊരുവിധ അധികാരപത്രമോ രേഖയോ ഇല്ലാതെ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട നിരോധിത സിന്തറ്റിക് ലഹരി വസ്തുവായ എം.ഡി.എം.എ, മെത്താഫിറ്റമിൻ എന്നിവ ഉപയോഗത്തിനും വിതരണത്തിനുമായി കൈവശം വയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് ഷെഫീഖിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.

Advertisement
Advertisement