പിരിവ് നൽകാത്തതിന് ആക്രമണം; ഒരാൾ അറസ്റ്റിൽ

Tuesday 07 May 2024 1:37 AM IST

വിഴിഞ്ഞം: ബൈക്ക് യാത്രികരായ യുവാക്കളെ തടഞ്ഞു നിറുത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനി സ്വദേശി നാഥൻ എന്ന് വിളിക്കുന്ന അബ്ദുൾ റഹ്മാനെയാണ് (29) വിഴിഞ്ഞം പൊലീസ് സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞത്തെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് പിരിവ് ചോദിച്ച് പ്രതി ബൈക്ക് യാത്രികരായ കുളത്തൂർ ഉച്ചക്കട സ്വദേശികളായ യുവാക്കളെ പിടിച്ചുനിറുത്തി കരിങ്കല്ല് കൊണ്ട് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരാളുടെ മൊബൈൽ ഫോണും 5000 രൂപയും നഷ്ടപ്പെട്ടതായും പരാതിയിലുണ്ട്. ബൈക്ക് യാത്രികരിലൊരാൾക്ക് തലയ്ക്ക് മുറിവേറ്റ് തുന്നലിടേണ്ടിവന്നു.

വിഴിഞ്ഞം,കോവളം,ബാലരാമപുരം പൊലീസ് സ്റ്റേഷനുകളിലായി 15 ഓളം അടിപിടി, കൊലപാതക കേസുകളിലെ പ്രതിയും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് നാഥൻ. കാപ്പ പ്രകാരം ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിഴിഞ്ഞം എസ്.ഐ ജെ.പി.അരുൺ കുമാറിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ സാബു,സുജിത്,പ്രമോദ്,ഗോഡ് വിൻ,സി.പി.ഒമാരായ രാമു,അരുൺ മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement