കള്ളക്കടൽ, മത്സ്യക്ഷാമം തീരം പട്ടിണിയിൽ

Tuesday 07 May 2024 1:40 AM IST

ആലപ്പുഴ: മത്സ്യക്ഷാമത്തിന് പിന്നാലെ കള്ളക്കടൽ പ്രതിഭാസം കൂടി വന്നതോടെ ജില്ലയിലെ തീരദേശം കടുത്ത വറുതിയിലായി. കള്ളക്കടലിനെ തുടർന്ന് അഴീക്കൽ മുതൽ അരൂർ വരെ ദുരന്ത നിവാരണ അതോറിട്ടി മത്സ്യബന്ധനം വിലക്കിയതാണ് പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയത്. കടൽ കയറ്റം കാരണം മത്സ്യബന്ധന ഉപകരണങ്ങൾക്കും വീടുകൾക്കും നാശം വന്നതോടെ ജീവിതം കൂടുതൽ ദുസ്സഹമായി.

കേരള തീരത്തെ മത്സ്യക്ഷാമം ചെമ്മീൻ പീലിംഗ് ഷെഡുകൾ, ഐസ് ഫാക്ടറികൾ, എക്സ്പോർട്ടിംഗ് സ്ഥാപനങ്ങൾ എന്നിവയെയും ബാധിച്ചിട്ടുണ്ട്. ഇത് മുതലെടുത്ത് അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള രാസവസ്തുക്കൾ കലർത്തിയ മീനുകളാണ് ഇപ്പോൾ വിപണി വാഴുന്നത്. ഉഷ്ണതരംഗ സാദ്ധ്യത കുറഞ്ഞതായുള്ള സമുദ്രനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് മത്സ്യത്തൊഴിലാളികളുടെ നേരിയ ആശ്വാസമായിട്ടുണ്ട്.

ക്ഷാമത്തിന് പിന്നാലെ വിലക്കും

1. ചൂട് കൂടുകയും ഉഷ്ടതരംഗവും കള്ളക്കടൽ പ്രതിഭാസവും ആവർത്തിക്കുകയും ചെയ്തതോടെ മത്സ്യങ്ങൾ പൂ‌ർണമായും ഉൾവലിഞ്ഞു. അപൂർ‌വമെങ്കിലും കൊഴിയാളയാണ് ആലപ്പുഴ തീരത്ത് ലഭിക്കുന്നത്

2. കയറ്റുമതി സാദ്ധ്യതയുളള കൊഞ്ച്, കണവ തുടങ്ങിയവയും നെയ്മീൻ, സ്രാവ് തുടങ്ങിയ വലിയ മത്സ്യങ്ങളും കിട്ടാക്കനിയായി. മത്സ്യലഭ്യത കുറഞ്ഞതോടെ കൂട്ടമായി ആളുകൾ ജോലിക്ക് പോയ്ക്കൊണ്ടിരുന്ന ബോട്ടുകളും വലിയ വള്ളങ്ങളും വിശ്രമത്തിലാണ്

3.ഒരാൾ മാത്രം കയറുന്ന പൊന്തുവള്ളങ്ങൾ മാത്രമായിരുന്നു അമ്പലപ്പുഴ, പുറക്കാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, അഴീക്കൽ ഭാഗങ്ങളിൽ കടലിൽ പോയിരുന്നത്. കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന്ഇവയും കരയിൽ കയറ്റി

ജില്ലയിൽ

ബോട്ടുകൾ : 300ഓളം

വള്ളങ്ങൾ : 1000ഓളം

മത്സ്യക്ഷാമവും കള്ളക്കടൽ മുന്നറിയിപ്പും കാരണം മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണ്. മാസങ്ങളായി മീൻ കിട്ടാത്ത സ്ഥിതിയാണ്. സൗജന്യറേഷൻ ഉൾപ്പെടെ സാമ്പത്തിക സഹായം ലഭ്യമാക്കണം

- സാഗർ, മത്സ്യത്തൊഴിലാളി

Advertisement
Advertisement